
ഏപ്രിൽ വരവറിയിച്ചാൽ തായ്ലാൻഡിൽ വെള്ളം സന്തോഷത്തിന്റെ വെളിച്ചമാവും. നനഞ്ഞു കുതിർന്ന വസ്ത്രങ്ങളും ഹൃദയം നിറഞ്ഞ പുഞ്ചിരിയുമായി തായ് ജനത ലോകത്തെമ്പാടുമുള്ള സഞ്ചാരികളെ വരവേൽക്കും. നമ്മുടെ ഹോളി പോലെ 'സോങ്ങ്ക്രാൻ" എന്ന മനോഹരാഘോഷം. ജലം തെരുവുകളിൽ ആനന്ദത്തിന്റെ വസന്തം തീർക്കുന്ന ഉത്സവം തായ് സംസ്കാരത്തിന്റെ സന്തോഷമുഖം കൂടിയാണ്.
സംസ്കൃതത്തിലെ 'സംധകരാന്തി" എന്ന പദത്തിൽ നിന്നാണ് സോങ്ങ്ക്രാൻ എന്ന പേരുണ്ടായത്. ജ്യോതിശാസ്ത്രപ്രകാരം സൂര്യൻ മീനരാശിയിൽ നിന്നും മേടരാശിയിലേക്ക് പ്രവേശിക്കുന്ന ഏപ്രിൽ മാസത്തിലാണ് ഒരാഴ്ചയോളം നീളുന്ന ഉത്സവം. കേരളത്തിലെ വിഷുവിനും അസമിലെ ബിഹുവിനും സമാനമായി വിളവെടുപ്പുകാലവുമായി ബന്ധപ്പെട്ടാണ് ഐതിഹ്യം. ഭാരതപാരമ്പര്യത്തിന്റ തുള്ളികളുണ്ട് ആഘോഷത്തിലുടെനീളം.
പ്രധാനമായും ബാങ്കോക്ക്, പട്ടായ , ചിയാങ് മെ എന്നിവിടങ്ങളിലെ ആഘോഷങ്ങൾക്ക് ജനപങ്കാളിത്തം കൊണ്ട് മാറ്റുകൂടും. പൊതുവെ സന്തോഷത്തിന്റെ രാജ്യമായ തായ്ലാൻഡിലെ പരമ്പരാഗത ആഘോഷങ്ങളിലേക്ക് മറ്റു ദേശക്കാർക്കൂടി ചേരുന്നതോടെ ഉത്സവം പൊടിപൊടിക്കുന്നു.
നിരത്തിലും പാതയോരങ്ങളിലും ജലയുദ്ധത്തിന് തയ്യാറായി വാട്ടർ ഗണ്ണുമായി തമ്പടിച്ചിരുന്ന മനുഷ്യരാണ് ഈ ഉത്സവത്തെ കൂടുതൽ സജീവമാക്കുന്നത്. ഏപ്രിൽ അവധിക്കാലയാത്രകളിലൊന്നായിട്ടാണ് ഇത്തവണ കുടുംബത്തോടൊപ്പം തായ്ലാൻഡിലെത്തിയതെങ്കിൽ സോങ്ങ്ക്രാൻ ബോണസായി . ഹുക്കറ്റിൽ നിന്നും ചിയാങ് മെയ്ക്കുള്ള ആകാശയാത്രയിൽ സഹയാത്രിക ആസ്ത്രേലിയൻ വനിതയിൽ നിന്നാണ് സോങ്ങ്ക്രാനെ അറിഞ്ഞത്. അവർ അതിൽ പങ്കെടുക്കാനായി ചിയാങ് മെയിലേക്കുള്ള യാത്രയിലാണ്. തെരുവിൽ തിരക്ക് കണ്ടുതുടങ്ങി. നഗരം പലനിറങ്ങളാൽ പഴയതിലും സുന്ദരമായിരുന്നു. എങ്ങും സന്തോഷം. തെരുവുകളിൽ, ബുദ്ധവിഹാരങ്ങളിൽ, കാണുന്നയിടങ്ങളിലെല്ലാം ഉല്ലസിച്ചുനടക്കുന്ന ചെറുപ്പക്കാർ, കുട്ടികൾ. നമ്മുടെ ഓണാഘോഷമെന്നപോലെ. നിരത്തിവച്ചിരിക്കുന്ന വലിയ ലൗഡ് സ്പീക്കറുകളിൽ കെ പോപ്പും തായ് പോപ്പും മുഴങ്ങികേൾക്കുന്നു. ചിയാങ് മെയിലെ നഗരഹൃദയമായ നിമ്മാനിലായിരുന്നു താമസം. തെരുവിൽ ആരവം കേൾക്കാം. അത്താഴത്തിനായി ചിയാങ് മെയിലെ പാൻ ഇന്ത്യൻ റെസ്റ്റൊറന്റായ ചായ് എൻ തായ്ൽ ഭക്ഷണം ഏർപ്പാടാക്കിയിരുന്നു. അസാദ്ധ്യ രുചിയിൽ അപ്പവും പൊറോട്ടയും കേരള ചിക്കൻ കറിയും മുളകിട്ട മീൻകറിയും തലശേരി ബിരിയാണിയുമൊക്കെ ലഭിക്കുന്ന ഭക്ഷണയിടം. പത്തിൽ താഴെ മലയാളികൾ താമസിക്കുന്ന തായ്ലന്റിലെ വടക്കൻ നഗരത്തിൽ ഇങ്ങനെയൊരു റെസ്റ്റൊറന്റ് കണ്ടത്തിയത് സൗഭാഗ്യമെന്ന് തോന്നി. തായ് തനത് വിഭവങ്ങൾക്കിടയിലും കേരളത്തെ രുചിക്കാമല്ലോ? റെസ്റ്റൊറന്റിലേയ്ക്കുള്ള നടത്തത്തിനിടയിൽ നഗരത്തിന്റെ മനോഹരമായ മുഖം കണ്ടു.
തായ് പോപ്പിനൊപ്പം പാട്ടും നൃത്തവും ലൈവ് ഷോസും ആഘോഷങ്ങളുമായി ഉത്സവം പൊടിപൊടിക്കുന്നു.
പാതയോരത്തെ ഭക്ഷണശാലകളിൽ വലിയ തിരക്ക്. പെട്ടന്ന് എവിടെ നിന്നോ പമ്പ് ചെയ്ത വെള്ളം ഞങ്ങളെ അടിമുടി നനച്ചുകളഞ്ഞു. ഒന്നു പതറിയെങ്കിലും ചുറ്റും നിന്ന ആൾക്കൂട്ടത്തിന്റെ ചിരിക്കൊപ്പം ചേർന്നു. ആൾക്കൂട്ടം മുഴുവൻ നനഞ്ഞു നിൽക്കുന്നു.
ശക്തമായി വെള്ളം പമ്പുചെയ്യാവുന്ന തരത്തിലുള്ള പ്ലാസ്റ്റിക് വാട്ടർഗണ്ണുമായ് തയാറെടുത്തു നിൽക്കുന്ന ജനക്കൂട്ടത്തിന് നടുവിലായിരുന്നു ഞങ്ങളപ്പോൾ. ഏറ്റവും മുന്നിൽ വലിയൊരു വാട്ടർ ഗണ്ണുമായി ആക്രമിക്കാൻ തയ്യാറെടുത്ത് ചിരിച്ചുനിൽക്കുന്നു വിമാനത്തിൽ പരിചയപ്പെട്ട ആസ്ത്രേലിയൻ യുവതി. ഓടി രക്ഷപ്പെടുകയേ മാർഗമുണ്ടായിരുന്നുള്ളു. ആഘോഷങ്ങളിൽ അധികവും വിദേശികളാണെന്ന് തോന്നിപ്പോകും. മായാമാളിന് മുന്നിലെ വിശാലമായ കോമ്പൗണ്ട് ഇതിനായി സജ്ജമാക്കിയിടുണ്ട്. വാഹനങ്ങൾ എല്ലാം ഒതുക്കി ആളുകൾ രാവിനെ വരവേൽക്കുന്നു. ബിയറും വൈനുമൊന്നും തെരുവുകളിൽ നിഷിദ്ധമല്ല. രാവിനെ ആഘോഷിക്കുന്ന രാജ്യമാണിത്. പകൽ മുഴുവൻ അലസമായി നടന്നുതീർക്കുന്ന തെരുവ് രാത്രിയോടെ മുരിനിവർത്തി എഴുന്നേൽക്കും. പലനിറങ്ങളിൽ കുളിച്ച് കെട്ടിടങ്ങളും റെസ്റ്റൊറന്റുകളും മദ്യശാലകളുമൊക്കെ അതിരുകളില്ലാത്ത ആഘോഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു. അതിന്റെ ഒഴുക്കിൽ സാധാരണ ദിവസങ്ങളിൽ പോലും തദ്ദേശീയരും സഞ്ചാരികളുമൊക്കെ സന്തോഷം കണ്ടെത്തുന്നു. അതിനൊപ്പം സോങ്ങ്ക്രാൻ പോലെ ഒരുത്സവം കൂടിച്ചേരുമ്പോൾ അത് കൂടുതൽ കളറാകുന്നുണ്ട്.
ജലം സന്തോഷാമൃത്
ഒരു വർഷക്കാലം മനുഷ്യൻ ചെയ്തുപോയ പാപങ്ങളെല്ലാം ജലം തളിച്ച് കഴുകിക്കളയുക എന്ന ആത്മീയ സങ്കല്പമാണ് ഉത്സവത്തിന്റെ അടിസ്ഥാനം. പണ്ടുകാലത്ത് വീടുകളിലും ബന്ധുക്കൾക്കിടയിലും മാത്രം ഒതുങ്ങിനിന്നിരുന്ന ആചാരം, കാലക്രമേണ തെരുവുകളിലേക്ക് പടർന്നു. അപരിചിതർ പോലും പരസ്പരം വെള്ളം ചീറ്റുന്ന മനോഹരമായൊരു സൗഹൃദോത്സവമായി മാറി. എങ്കിലും, ഈ വലിയ ജലയുദ്ധങ്ങൾക്കിടയിലും ചില അലിഖിതമായ നിയമങ്ങൾ തായ് ജനത കാത്തുസൂക്ഷിക്കുന്നുണ്ട്. കുട്ടികൾ, പ്രായമായവർ, ബുദ്ധസന്യാസിമാർ എന്നിവരുടെ മേൽ വെള്ളമൊഴിക്കരുതെന്ന ആദരവ് പാലിക്കുന്നു.
തായ്ലാൻഡിലെ ഓരോ നഗരത്തിലും സോങ്ങ്ക്രാൻ വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. സാംസ്കാരിക തലസ്ഥാനമായ ചിയാങ് മെയ് തനത് ആചാരങ്ങളാലും മനോഹരമായ ബുദ്ധവിഹാരങ്ങളുടെ പശ്ചാത്തലത്തിലും ഈ ഉത്സവത്തിന് ആത്മീയ ചായം പൂശുമ്പോൾ, പാതയോരങ്ങളിൽ വലിയ സ്പീക്കറുകളിൽ മുഴങ്ങുന്ന തായ് പോപ്പും കെപോപ്പും യുവത്വത്തെ നൃത്തച്ചുവടുകളിൽ ആറാടിക്കുന്നു. വിനോദസഞ്ചാര കേന്ദ്രമായ പട്ടായയിൽ വലിയ ജലസംഭരണികളുമായി ജനങ്ങൾ തെരുവ് കീഴടക്കുമ്പോൾ, തലസ്ഥാനമായ ബാങ്കോക്കിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയ സഞ്ചാരികൾ ചേരിതിരിഞ്ഞ് വാട്ടർ ഗണ്ണുകളുമായി വലിയ ജലയുദ്ധങ്ങളിൽ ഏർപ്പെടുന്നു. ഇവിടെ ഭാഷയോ ദേശമോ അതിർവരമ്പുകൾ തീർക്കുന്നില്ല; എല്ലാവരും ഒരൊറ്റ ആഘോഷത്തിന്റെ ഭാഗമായി മാറുന്നു.
ആഘോഷങ്ങൾക്കൊപ്പം തനത് തായ് രുചികളും ഈ ഉത്സവത്തിന്റെ മാറ്റുകൂട്ടുന്നു. വേവിച്ച അരി കൊണ്ടുള്ള 'ഖാവോ ചായി", തായ് ജനതയുടെ പ്രിയപ്പെട്ട 'മാംഗോ സ്റ്റിക്കി റൈസ്", 'പ്രോൺ പാഡ് തായ്" എന്നിവയൊക്കെ ഈ കാലത്തെ പ്രധാന വിഭവങ്ങളാണ്.
ബുദ്ധക്ഷേത്രങ്ങൾ വൃത്തിയാക്കിയും, മുതിർന്നവരുടെ പാദങ്ങൾ കഴുകി വന്ദിച്ചും ഒപ്പം തെരുവുകളിൽ അപരിചിതർക്ക് മേൽ ജലപ്രഹരമേൽപ്പിച്ചും തായ് ജനത ലോകത്തിന് പകർന്നു നൽകുന്നത് സ്നേഹത്തിന്റെ വലിയൊരു സന്ദേശമാണ്. നനയുക, ചിരിക്കുക, സന്തോഷിക്കുക എന്ന ലളിതമായ തത്ത്വത്തിൽ അധിഷ്ഠിതമായ സോങ്ങ്ക്രാൻ, ഒരിക്കൽ അറിഞ്ഞാൽ മനസിന്റെ ഭിത്തിയിൽ കോറിയിട്ട മായാത്ത ഓർമ്മയാണ്!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |