തുറവൂർ താലൂക്ക് ആശുപത്രി,​ മരുന്ന് സൂക്ഷിക്കാൻ ഇടമില്ല

Tuesday 19 May 2026 8:08 AM IST

തുറവൂർ: മരുന്ന് ഗോഡൗൺ കത്തി നശിച്ച് ഒരു മാസം കഴിഞ്ഞിട്ടും തുറവൂർ ഗവ.താലൂക്ക് ആശുപത്രിയിൽ മരുന്നുകൾ സൂക്ഷിക്കാൻ പകരം സംവിധാനമായില്ല. രണ്ട് ഘട്ടങ്ങളിലായി എത്തിയ ഏകദേശം എട്ട് ലക്ഷം രൂപയുടെ മരുന്നുകളിൽ ഭൂരിഭാഗവും ആശുപത്രി വരാന്തയിലും മറ്റ് താത്കാലിക ഇടങ്ങളിലുമായി സൂക്ഷിച്ചിരിക്കുകയാണ്.

ഏപ്രിൽ 14നാണ് ആശുപത്രിയുടെ മൂന്നാം നിലയിലുള്ള ഗോഡൗണിൽ തീപിടിത്തമുണ്ടായതും 65 ലക്ഷം രൂപയുടെ മരുന്നുകൾ കത്തി നശിച്ചതും.

ഇതിന് പിന്നാലെ തൊട്ടടുത്ത ദിവസം നാല് ലക്ഷം രൂപയുടെയും കഴിഞ്ഞാഴ്ച രണ്ട് ലക്ഷം രൂപയുടെയും കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടുംരണ്ട് ലക്ഷം രൂപയുടെ മരുന്നുകളും ആശുപത്രിയിലെത്തിച്ചിരുന്നു. ഇവയാണ്

വരാന്തയിൽ സൂക്ഷിച്ചിരിക്കുന്നത്. പുതിയ ആശുപത്രി കെട്ടിട സമുച്ചയം പ്രവർത്തനസജ്ജമായാൽ മരുന്നുകൾ അവിടേക്ക് മാറ്റാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എന്നാൽ,​ അതുവരെ മരുന്നുകൾ തുറന്നയിടങ്ങളിൽ സൂക്ഷിക്കുന്നത് സുരക്ഷിതമാണോയെന്ന ആശങ്ക രോഗികളിലും നാട്ടുകാരിലും ഉയരുന്നുണ്ട്.

വിതരണത്തിൽ നിയന്ത്രണം

1.സൂക്ഷിക്കാൻ മതിയായ ഇടമില്ലാത്തതിനാൽ കൂടുതൽ മരുന്നുകൾ എത്തിക്കാൻ അധികൃതർ മടിക്കുന്നതായി വിവരമുണ്ട്. ഇതിന്റെ ഭാഗമായി മരുന്നുകളുടെ വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്

2.ഒരു മാസത്തേക്ക് നൽകിയിരുന്ന ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ ഇപ്പോൾ 10 ദിവസത്തേക്കു മാത്രമാണ് രോഗികൾക്ക് നൽകുന്നത്

3.കെ.എം.എസ്.സി.എൽ നിന്ന് ഈ സാമ്പത്തിക വർഷം 1.85 കോടി രൂപയുടെ മരുന്നുകളാണ് ആശുപത്രിക്ക് ലഭിക്കേണ്ടത്. ഇതിൽ ആറ് ലക്ഷം രൂപയുടെ മരുന്നുകൾ മാത്രമാണ് ഇതുവരെ എത്തിച്ചിട്ടുള്ളത്

4.പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആശുപത്രിയിൽ പുതിയ മരുന്ന് ഗോഡൗൺ നിർമ്മിക്കാൻ ഇതുവരെ നടപടികളൊന്നും സ്വീകരിക്കാത്തതിലും പ്രതിഷേധം ശക്തമാണ്

ആശുപത്രിയിൽ പുതുതായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന കോൺഫറൻസ് ഹാളിൽ മരുന്നുകൾ താത്കാലികമായി സൂക്ഷിക്കാനുള്ള നടപടി ഉടൻ സ്വീകരിക്കും

- പി.യുഗ്‌ന,​ മെഡിക്കൽ ഓഫീസർ