ഉയരപ്പാതയുടെ നീളംകൂട്ടൽ : തുറവൂരിൽ മണ്ണുപരിശോധന
തുറവൂർ : തുറവൂർ–അരൂർ ഉയരപ്പാതയുടെ നീളം കൂട്ടി നിർമ്മിക്കുന്ന തുറവൂർ ഭാഗത്ത് മണ്ണ് പരിശോധന പുരോഗമിക്കുന്നു. കഴിഞ്ഞ ആഴ്ച ആരംഭിച്ച പരിശോധനയുടെ ഭാഗമായി സ്ഥലത്ത് സാങ്കേതിക പരിശോധനകൾ നടന്നുവരുന്നു. നിലവിലെ ഉയരപ്പാതയിൽ നിന്ന് തെക്ക് ഭാഗത്തേക്ക് 12 തൂണുകൾ കൂടി നിർമ്മിച്ചാണ് പാതയുടെ നീളം വർദ്ധിപ്പിക്കുന്നത്.
മണ്ണ് പരിശോധനയ്‌ക്കൊപ്പം തുറവൂരിൽ നിന്ന് ആലയ്ക്കാപ്പറമ്പ് വരെ നിലവിലെ ദേശീയപാതയിലെ ടാറിംഗ് പൊളിച്ചുമാറ്റുന്ന ജോലികളും ആരംഭിച്ചു. പൈലിംഗ് ജോലികൾക്കായി കൂറ്റൻ യന്ത്രങ്ങളും സ്ഥലത്തെത്തിച്ചിട്ടുണ്ട്.
ആദ്യ രൂപരേഖ പ്രകാരം, തുറവൂർ കവലയിൽ എത്തിനിൽക്കുന്ന ഉയരപ്പാതയിൽ നിന്ന് തെക്കോട്ട് 30 മീറ്റർ അനുബന്ധ റോഡ് നിർമ്മിക്കാനായിരുന്നു തീരുമാനം. എന്നാൽ, തുറവൂർ മഹാക്ഷേത്രത്തിന്റെ പ്രാധാന്യവും ദൃശ്യഭംഗിയും നഷ്ടപ്പെടുമെന്ന ആശങ്ക ഭക്തർക്കിടയിൽ ശക്തമായി ഉയർന്നു. ഇത് ചൂണ്ടിക്കാട്ടി 2024 ജൂൺ 20-ന് തുറവൂർ ശ്രീഭവനിൽ പി. എസ്. ശ്രീകുമാർ പ്രധാനമന്ത്രിക്ക് പരാതി സമർപ്പിക്കുകയും, ജൂൺ 24-ന് വിഷയം പരിഗണിക്കാമെന്ന മറുപടി ലഭിക്കുകയും ചെയ്തിരുന്നു. തുടർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും ബി.ഡി.ജെ.എസ് തുടങ്ങിയ വിവിധ രാഷ്ട്രീയ പാർട്ടികളും വിഷയത്തിൽ ഇടപെട്ട് കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തി. ഇതോടെയാണ് രൂപരേഖയിൽ മാറ്റം വരുത്തിയത്. പുതിയ പദ്ധതി പ്രകാരം നിലവിലെ ഉയരപ്പാത 210 മീറ്റർ കൂടി തൂണുകളിൽ തെക്കോട്ട് നീളും. അവിടെ നിന്ന് 280 മീറ്റർ നീളത്തിൽ അനുബന്ധ റോഡും നിർമ്മിക്കും.
തുറവൂർ–അരൂർ ഉയരപ്പാത
മുമ്പ് തീരുമാനിച്ച ദൈർഘ്യം
12.75 കിലോമീറ്റർ
വർദ്ധിപ്പിക്കുമ്പോൾ ആകെ ദൂരം
13.24 കിലോമീറ്റർ
നിലവിൽ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നതോടെ, ഏറെ നാളായി നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളും യാത്രക്കാരും.