അകാലത്തിൽ പൊലിഞ്ഞത് ശാസ്ത്ര ഗവേഷണ രംഗത്തെ അതുല്യ പ്രതിഭ

Tuesday 19 May 2026 9:09 PM IST

തൊടുപുഴ: വെൺമണിയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് അകാലത്തിൽ പൊലിഞ്ഞ ഡോ. ബിജോയ് തോമസ് രസതന്ത്ര ഗവേഷണ മേഖലയിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ശാസ്ത്രപ്രതിഭയായിരുന്നു. മികച്ച പ്രബന്ധങ്ങളുടെ ഉടമയുമായിരുന്ന അദ്ദേഹം, തൊടുപുഴ ന്യൂമാൻ കോളേജിലെ വിദ്യാർത്ഥികളുടെ പ്രിയങ്കരനായ അദ്ധ്യാപകനായിരുന്നു. റൂസാ കോഡിനേറ്റർ, ഗവേഷണ വിഭാഗം ഡയറക്ടർ, നാക് ജോയിന്റ് കോഡിനേറ്റർ എന്നിങ്ങനെ കോളേജിലെ വിവിധ മേഖലകളിൽ കൈയൊപ്പ് ചാർത്തിയ വ്യക്തിത്വമായിരുന്ന ഡോ. ബിജോയി രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൺസൾട്ടന്റ് കൂടിയായിരുന്നു. ബംഗ്ളൂരു യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.സി പഠനം പൂർത്തിയാക്കിയ ഡോ. ബിജോയ് കുസാറ്റിൽ നിന്നാണ് പി.എച്ച്.ഡി കരസ്ഥമാക്കിയത്. തുടർന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിലെയും ജർമനിയിലെ യൂണിവേഴ്സിറ്റി ഓഫ് സ്റ്റുട്ഗാർട്ടിലെയും ഫ്രാൻസിലെ മേരി ക്യൂറി യൂണിവേഴ്സിറ്റിയിലെയും പോസ്റ്റ് ഡോക്ടറൽ ഗവേഷണങ്ങൾ അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് മാറ്റു കൂട്ടി. 2011 മുതൽ തൊടുപുഴ ന്യൂമാൻ കേളേജിൽ സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം, നിരവധി വിദ്യാർത്ഥികൾക്ക് ഗവേഷണപാതയിൽ മാർഗ്ഗദർശിയായി. അക്കാദമിക് മേഖലയിൽ അതുല്യസംഭാവനകൾ നൽകി. കോളേജിന്റെ റിസർച്ച് ഡയറക്ടറും റൂസയുടെയും നെർഫിന്റെയും പ്രോഗ്രാം കോഡിനേറ്ററും കോളേജ് നാക് കോഡിനേറ്ററുമായിരുന്നു. അദ്ധ്യാപന മേഖലയിലെ അതുല്യമായ പണ്ഡിത്യം ഡോ. ബിജോയിയെ തന്റെ വിദ്യാർഥികളുടെ മനസ്സിലെ മായാത്ത ദീപമാക്കി. സഹപ്രവർത്തകർക്ക് ഒരു ഉത്തമ മാർഗദർശിയായിരുന്ന അദ്ദേഹം അദ്ധ്യാപനത്തിനൊപ്പം വിവിധ സാമൂഹിക പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. പ്ലസ്ടു സ്‌കൂൾ അദ്ധ്യാപികയായ ജിനോ ജോർജ്ജാണ് ഡോ. ബിജോയുടെ ഭാര്യ. തൊടുപുഴ വിമല സ്‌കൂൾ വിദ്യാർത്ഥികളായ അർണ്ണ നേസ തോമസ്, ജോർജ് തോമസ് എന്നിവരാണ്‌ മക്കൾ.