''ഫിറ്റായ '' സ്‌കൂളിൽ പ്രവേശനോത്സവം ആഘോഷമാക്കി
മൂലമറ്റം: വൈദ്യുതി ലൈൻ സ്‌കൂളിനോട് ചേർന്ന് താഴ്ന്ന് കിടന്നതിനാൽ പഞ്ചായത്തിൽ നിന്ന് ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് നിരാകരിക്കുകയും പിന്നീട് ഉയരമുള്ള പോസ്റ്റുകളിൽ ലൈൻ ഉയർത്തി കെട്ടി ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് ലഭിച്ച് മാദ്ധ്യമങ്ങളിൽ ചർച്ചയായ കാഞ്ഞാർ സെന്റ് ജോസഫ് എൽ.പി(മണ്ണൂർ) സ്‌കൂളിലെ പ്രവേശനോത്സവം ഗംഭീരമായി. ബലൂണുകളും തോരണങ്ങളും കൊണ്ടലങ്കരിച്ച സ്‌കൂൾ അങ്കണത്തിലേക്ക് കടന്നു വന്ന നവാഗതരെ സ്വീകരിക്കുവാൻ അദ്ധ്യാപകരും രക്ഷകർത്താക്കളും എല്ലാഒരുക്കങ്ങളും നടത്തിയിരുന്നു. വർണ തൊപ്പികൾ അണിയിച്ചും, മധുരപലഹാരങ്ങളും, പഠനോപകരണങ്ങളും നൽകിയുമാണ് പുതുമുഖങ്ങളെ സ്വീകരിച്ചത്. സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത വയലിനിസ്റ്റുമായ ജോജോ ജോസഫിന്റെ വയലിൻഫ്യൂഷൻ പ്രവേശനോൽസവത്തിന് മിഴിവേകി. സ്‌കൂൾ മാനേജർ ഫാ.ജോർജ് പാറേക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രവേശനോൽസവം പഞ്ചായത്ത്അംഗം പി.ഏ.വേലുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവദിവസം സ്ഥലംമാറ്റം ലഭിച്ച ഹെഡ്മാസ്റ്റർ ബിജുമോൻമാത്യു മുഖ്യപ്രഭാഷണം നടത്തി. പി.റ്റി.എ. പ്രസിഡന്റ് ഷോബി തോമസ്, സീനിയർ അസിസ്റ്റന്റ് സി. സ്മിത മൈക്കിൾ, അദ്ധ്യാപക പ്രതിനിധി ആൽബി മേരി ജോസഫ് എന്നിവർ സംസാരിച്ചു.