SignIn
Kerala Kaumudi Online
Thursday, 04 June 2026 5.07 AM IST

അഞ്ചുമാസത്തിനിടെ 3194 പേർക്ക് കടിയേറ്റു..... ശൗര്യം തീരാതെ നായ്ക്കൾ, കടിയിൽ പുളഞ്ഞ് ജനം

dog

കോട്ടയം : തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും, പേവിഷബാധ ഉന്മൂലനം ചെയ്യുന്നതിനും ജില്ലാ ഭരണകൂടം വിപുലമായ പദ്ധതികൾ തയ്യാറാക്കിയിട്ടും കടിപേടിച്ച് വഴിനടക്കാനാകാതെ പൊറുതിമുട്ടുകയാണ് ജനം. സ്കൂൾ തുറന്നതോടെ വിദ്യാർത്ഥികളടക്കം ഭീതിയിലാണ്. സ്കൂൾ പരിസരങ്ങളിൽപ്പോലും നായശല്യം രൂക്ഷമാണ്. കഴിഞ്ഞ അഞ്ചുമാസത്തിനിടെ 3194 പേർക്ക് കടിയേറ്റെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. കഴിഞ്ഞ മാസം 596 പേരാണ് ചികിത്സ തേടിയത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തദ്ദേശസ്ഥാപനങ്ങളുടെ തെരുവ് നായ നിയന്ത്രണ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലാതായതാണ് പ്രശ്നം രൂക്ഷമാക്കിയത്. എ.ബി.സി പദ്ധതി തുടരുന്നുണ്ടെന്ന് അധികൃതർ പറയുമ്പോഴും പ്രവർത്തനങ്ങൾക്ക് പഴയ വേഗമില്ല.

ജില്ലാ പഞ്ചായത്ത് പ്രഖ്യാപനം നടപ്പായില്ല

നഗരങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന തെരുവ് നായ ശല്യം ഗ്രാമപ്രദേശങ്ങളിലും വ്യാപകമായി. അടുത്തിടെ തിരുവഞ്ചൂർ നീലാണ്ടപടിക്ക് സമീപം ഏഴ് പേർക്കാണ് കടിയേറ്റത്. നഗരത്തിൽ മാത്രം 727 തെരുവ് നായ്ക്കൾ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. വന്ധ്യംകരിച്ച തെരുവ് നായ്ക്കളെ തുറന്നുവിടാതെ സംരക്ഷിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ് പ്രഖ്യാപനവും നടപ്പിലായില്ല. സർക്കാർ അനുമതിക്കായി കാത്തിരിക്കുകയാണെന്നാണ് വിശദീകരണം. രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾക്ക് മുന്നിലേയ്ക്ക് നായ്ക്കൾ ചാടുന്നത് അപകടത്തിന് ഇടയാക്കും.

ഭക്ഷണത്തിനും പഞ്ഞമില്ല

തെരുവ് നായ നിയന്ത്രണം വന്ധ്യംകരണം പ്രവർത്തനങ്ങൾ കാര്യക്ഷമമല്ല
ഭക്ഷണാവശിഷ്ടങ്ങൾ പൊതുവിടങ്ങളിൽ നിക്ഷേപിക്കുന്നത് കൂടുന്നു
സ്‌കൂൾ തുറന്നതോടെ രക്ഷിതാക്കളിൽ അടക്കം ആശങ്ക ഉയരുന്നു
വളർത്തു നായ്ക്കളെയും കുഞ്ഞുങ്ങളെയും തെരുവിൽ ഉപേക്ഷിക്കുന്നു
രോഗം ബാധിച്ചതും, പ്രായമായതുമായ നായ്ക്കളാണ് കൂടുതലും

നഗരത്തിൽ മാത്രം 727 തെരുവ് നായ്ക്കൾ

''കാൽനടയാത്രികരുടെ നേരെ നായ്ക്കൾ കൂട്ടത്തോടെ എത്തുന്നതും, പരസ്പരം കടിപിടികൂടുന്നതും ഭീതിയിലാഴ്ത്തുന്നു. ഓട്ടോസ്റ്റാൻഡുകൾക്ക് മുൻവശത്തും ഇവ തമ്പടിക്കുകയാണ്. ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ പോലും രക്ഷയില്ലാത്ത അവസ്ഥയാണ്.

-ശശീന്ദ്രൻ, നാഗമ്പടം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL