ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Saturday 16 May 2026 12:22 AM IST
തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയായ വളക്കൈ പാലത്തിന് സമീപം ബസ് തീ പിടിച്ച നിലയിൽ

കണ്ണൂർ: തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാന പാതയിലെ വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യബസ്സിന് തീപിടിച്ചു. ശ്രീകണ്ഠാപുരത്തു നിന്ന് തളിപ്പറമ്പിലേക്ക് വരികയായിരുന്ന കെ.എൽ 59 ജി 8293 തേലക്കാടൻ ബസിനാണ് വളക്കൈ പാലത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ തീപിടിച്ചത്.

ബസ് വളക്കൈ പാലം കഴിഞ്ഞപ്പോൾ ഗിയറിൽ നിന്ന് തീ പടർന്നതോടെ ഡ്രൈവർ കെ.ബി ഹരി സൈഡിലേക്ക് മാറ്റി വേഗത കുറച്ച് നിർത്തി കണ്ടക്ടർ ഷാഹുലിന്റെ സഹായത്തോടെ യാത്രക്കാരെയെല്ലാം പുറത്തിറക്കി. പെട്ടെന്ന് തീ പടരാത്തത് കാരണം വൻ ദുരന്തം ഒഴിവായി. തളിപ്പറമ്പിൽ നിന്ന് എത്തിയ അഗ്നിശമന സേന അരമണിക്കൂറോളം എടുത്താണ് തീ അണച്ചത്. ബസിന്റെ സീറ്റുകളടക്കം കത്തിനശിച്ചു.

യാത്രക്കാർ പലരും തീ പിടുത്തം ഉണ്ടായതിനെ തുടർന്ന് വെപ്രാളപ്പെടുകയും ബഹളം വയ്ക്കുകയും ചെയ്തിരുന്നു. യാത്രക്കാർ 12 പേർ മാത്രമുള്ളതുകൊണ്ട് പെട്ടെന്ന് തന്നെ പുറത്തെത്തിക്കാൻ കഴിഞ്ഞുവെന്ന് കണ്ടക്ടർ കെ. ഷാഹിൽ പറഞ്ഞു. യാത്രക്കാരുടെ വലിയ തിരക്ക് ബസിലുണ്ടായിരുന്നെങ്കിൽ ജീവഹാനി വരെ സംഭവിക്കുമായിരുന്നു എന്ന് ബസ് ജീവനക്കാരും നാട്ടുകാരും പറയുന്നു.

ബസിന് തീപിടിച്ചതിനെ തുടർന്ന് സംസ്ഥാന പാതയിൽ ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. ആശുപത്രിയിൽ ചികിത്സയ്ക്കും, കണ്ണൂർ എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാരും വഴിയിൽ കുടുങ്ങി. സംഭവമറിഞ്ഞ് സമീപ പ്രദേശങ്ങളിൽ നിന്ന് വരെ ആളുകൾ ഒഴുകിയെത്തി. രക്ഷാ പ്രവർത്തനങ്ങൾക്ക് നാട്ടുകാരും തളിപ്പറമ്പിൽ നിന്ന് എത്തിയ അഗ്നി ശമനസേനയും നേതൃത്വം നൽകി.

വിങ്ങിപ്പൊട്ടി ബസ് ജീവനക്കാർ

ബസ് കത്തി നശിക്കുന്നത് കണ്ടുനിൽക്കാൻ കഴിയാതെ കണ്ടക്ടർ കെ. ഷാഹിലിന്റെ ഉള്ള് പിടഞ്ഞു. സങ്കടം സഹിക്കാനാകാതെ വിതുമ്പുന്നുണ്ടായിരുന്നു. ഷാഹിലിനെ സമാധാനിപ്പിക്കാൻ തടിച്ചുകൂടിയ നാട്ടുകാർ ശ്രമിക്കുന്നതു കാണാമായിരുന്നു. ഷാഹിൽ ഒറ്റയ്ക്ക് മാറി നിന്ന് വിതുമ്പുന്നത് പലർക്കും കണ്ടുനിൽക്കാൻ കഴിഞ്ഞില്ല. അത്രത്തോളം പ്രിയമായിരുന്നു ഷാഹിലിന് തേലക്കാടൻ എന്ന ബസ്. തന്റെ ഉപജീവനത്തിന് മുന്നോട്ടുള്ള യാത്രയ്ക്ക് കരുതലായിരുന്നു ഷാഹിലിന്റെ പ്രിയപ്പെട്ട ബസ്.