പൂവാർ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തനം അവതാളത്തിൽ

Tuesday 19 May 2026 8:46 PM IST

  • ജീവനക്കാരില്ല, മരുന്നില്ല

പൂവാർ: അത്യാവശ്യത്തിന് മരുന്നില്ല,​ ജീവനക്കാരില്ല. ഡോക്ടർമാരും കുറവ്, എക്സ് റേ യൂണിറ്റ് തുടങ്ങിയെങ്കിലും പ്രവർത്തിക്കുന്നില്ല, കിടത്തി ചികിത്സയും പരിമിതം. പരാധീനതകളിൽ കുരുങ്ങി അനിശ്ചിതത്വത്തിലാണ് പൂവാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം. ഐസൊലേഷൻ വാർഡ് തുറക്കാതെയായിട്ട് വർഷങ്ങളായി. പാർക്കിംഗിനും സൗകര്യമില്ല. പാലിയേറ്റീവ് കെയർ സംവിധാനവും അവതാളത്തിലാണ്.

1956ൽ പ്രവർത്തനമാരംഭിച്ച ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം പ്രവർത്തിച്ചിരുന്നു. കിടത്തി ചികിത്സയ്ക്ക് 16 കിടക്കകളുടെ സൗകര്യമേയുള്ളൂ. 56 സെന്റ് ഭൂമിയിൽ നിറയെ ചെറിയ കെട്ടിടങ്ങളാണ്. മൂന്ന് ക്വാർട്ടേഴ്സിൽ രണ്ടെണ്ണം ഇടിച്ചുപൊളിച്ചാണ് ഐസൊലേഷൻ വാർഡ് നിർമ്മിച്ചത്. 2022ൽ ഉദ്ഘാടനം ചെയ്ത കെട്ടിടം തുറക്കാറില്ല. ഒ.പി ബ്ലോക്ക് നവീകരിച്ചതോടെ ആശുപത്രിക്കുള്ളിൽ നിന്നുതിരിയാൻ ഇടമില്ല. ഉചിതമായ രീതിയിൽ പാർക്കിംഗ് സംവിധാനവുമില്ല. ബ്ലോക്ക് പഞ്ചായത്ത് താത്കാലിക പാർക്കിംഗ് സംവിധാനം ഒരുക്കിയെങ്കിലും പ്രായോഗികമല്ല. വാഹനങ്ങൾ നിയന്ത്രിക്കാൻ വാച്ചറെ നിയമിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.

  • ഡോക്ടർമാരില്ല

സെന്ററിൽ ഡോക്ടർമാരുടെ പരിമിതിയുണ്ട്. ഡോക്ടർമാരിൽ ഒരാൾ ലീവെടുത്താൽ രാത്രി ചികിത്സ ഒഴിവാക്കണം. ഇക്കാരണത്താൽ രോഗികൾ ആശുപത്രി ജീവനക്കാരുമായി സംഘർഷങ്ങളും ഉണ്ടാകാറുണ്ട്. ജീവനക്കാരുടെ കുറവും അടിയന്തരമായി പരിഹരിക്കണം.

നിലവിൽ ജീവനക്കാർ

ഡോക്ടർമാർ 8, നഴ്സുമാർ 4, ക്ലീനിംഗ് സ്റ്റാഫ് 2

എക്സറേ യൂണിറ്റും അട‍ഞ്ഞു

എക്സറേ യൂണിറ്റ് പ്രവർത്തിച്ചെങ്കിലും പദ്ധതി പാളി. ഗുണനിലവാരമില്ലാത്തതും പഴയതുമായ എക്സറേ യന്ത്രം സ്ഥാപിച്ചതിനാലാണ് പ്രവർത്തനം നിലച്ചതെന്നാണ് ജീവനക്കാർ പറയുന്നത്. മരുന്ന് വാങ്ങാൻ നിലവിലെ തുക അപര്യാപ്തമാണ്. അത്യാവശ്യത്തിനുള്ള മരുന്നുകൾ നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്.

പാലിയേറ്റീവ് സംവിധാനം കാര്യക്ഷമമാക്കണം

ഡോക്ടറുടെ സേവനം ഉൾപ്പെടുത്തി വീടുകളിൽ കഴിയുന്ന രോഗികൾക്ക് ചികിത്സ നൽകുന്ന പാലിയേറ്റീവ് കെയർ സംവിധാനം പ്രതിസന്ധിയിലാണ്. ശമ്പളം കിട്ടിയിട്ട് ആറ് മാസം കഴിഞ്ഞു. മാസത്തിലൊരിക്കൽ വിതരണം ചെയ്യുന്ന മരുന്നുകൾ ഡേറ്റ് മാറി വരുന്നവർക്ക് നൽകാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. വൃദ്ധരും കിടപ്പുരോഗികളും ആശ്രയിക്കുന്ന പാലിയേറ്റീവ് സംവിധാനത്തെ സംരക്ഷിക്കാൻ നടപടി വേണം.

16 ബെഡുണ്ടെങ്കിലും കിടത്തി ചികിത്സയില്ല. രോഗികളെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലോ തിരുവനന്തപുരം മെഡിക്കൽ കോളേജിലോ എത്തിക്കാൻ ആംബുലൻസുമില്ല. 108 ആംബുലൻസ് പകൽ മാത്രമാണുള്ളത്.

പൂവാർ ഫാമിലി ഹെൽത്ത് സെന്ററിന്റെ പരിമിതികൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം.

ശിവദാസൻ പൂവാർ,

ചെയർമാൻ, ആശുപത്രി സംരക്ഷണ സമിതി

ഫോട്ടോ:പൂവാർ ഫാമിലി ഹെൽത്ത് സെന്റർ