സി.സി ടിവി പരിശോധനയിൽ പ്രതി പിടിയിൽ , മോഷ്ടിച്ച ബൈക്ക് പൊളിച്ച് ആക്രിക്കടയിലേക്ക്
ചെറുതുരുത്തി: പകൽ സമയങ്ങളിൽ കൃത്യമായ നിരീക്ഷണം. ലോക്ക് ചെയ്യാതെയും ചാവി മാറ്റാതെയും ഇടുന്ന ബൈക്ക് കണ്ടെത്തും. സമയം ഒത്തുവരുമ്പോൾ കടത്തും. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, പാർക്കിംഗ് കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ഒട്ടേറെ മോഷണം നടത്തുന്ന പ്രതി ഒടുവിൽ പൊലീസ് പിടിയിൽ. ചെറുതുരുത്തിയിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി ബൈക്ക് മോഷണം നടത്തിയ തൃശൂർ പന്നിത്തടം ചെർമനയൻകാട് പയ്യപ്പാട്ട് കൃഷ്ണൻകുട്ടിയെയാണ്(67) കൊരട്ടിക്കരയിലുള്ള വാടക വീട്ടിൽ നിന്ന് ഷൊർണൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച വാഹനം പൊളിച്ചു വിൽക്കാൻ ആക്രിക്കടയിൽ കൊടുക്കുന്നതാണ് രീതി. ഷൊർണൂർ ഭാഗത്ത് നിന്ന് മോഷ്ടിച്ച മൂന്ന് ബൈക്ക് പൊളിച്ചു വിറ്റതായി പ്രതി പൊലീസിനോട് സമ്മതിച്ചു. നിരവധി സി.സി.ടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ബൈക്ക് മോഷണത്തെക്കുറിച്ച് കഴിഞ്ഞദിവസം കേരളകൗമുദി വാർത്ത നൽകിയിരുന്നു. പിന്നാലെയാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. ചെറുതുരുത്തി ഹൈസ്‌കൂൾ പരിസരം, വാടാനാംകുറിശ്ശി, റെയിൽവേ പരിസരം, ചുവന്ന ഗേറ്റ്, ഒറ്റപ്പാലം ബസ് സ്റ്റാൻഡ്, തെക്കേ റോഡ് എന്നിവിടങ്ങളിൽ നിന്നാണ് ബൈക്കുകൾ കടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. ഡിവൈ.എസ്.പി സജു കെ.എബ്രഹാം, സർക്കിൾ ഇൻസ്‌പെക്ടർ പി.വിഷ്ണു, എസ്.ഐ കെ.പി. അശ്വിൻ, എ.എസ്.ഐ സി.അനിൽകുമാർ, എ.എസ്.ഐ രവി, സീനിയർ സിവിൽ ഓഫീസർ സുനിൽ, ടി.സജീഷ്, സി.പി.ഒ സുജി ശേഖർ, സി.പി.ഒ അരുൺ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
ബൈക്കുകൾ പൊളിച്ചനിലയിൽ
തൃത്താല ചെറുകുടങ്ങാട് കരുവാൻപടി തോട്ടുങ്ങൽ വീട്ടിൽ അയൂബിന്റെ കാഞ്ഞിരത്താണിയിലുള്ള ആക്രിക്കടയിലാണ് ഒറ്റപ്പാലം, ചെറുതുരുത്തി എന്നിവിടങ്ങളിൽ നിന്ന് മോഷ്ടിച്ച ബൈക്കുകൾ പൊളിക്കാൻ നൽകിയത്. ഈ രണ്ട് ബൈക്കും പൊളിച്ച നിലയിൽ കണ്ടെടുത്തു. ഷൊർണൂരിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് മോഷ്ടിച്ച ഇരുചക്ര വാഹനങ്ങൾ ഓങ്ങല്ലൂർ കാരക്കാടുള്ള കടയിൽ പെട്ടി ഓട്ടോയിൽ ആക്രി സാധനങ്ങൾ വാങ്ങാൻ വരുന്നവർക്ക് വിറ്റതായും പ്രതി സമ്മതിച്ചു. പ്രതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.