കയറ്റത്തിനൊടുവിൽ ഇറക്കം... ഇടിഞ്ഞുവീണ് തേങ്ങ വില
കൊടുങ്ങല്ലൂർ: എട്ടു മാസത്തിനിടെ പകുതിയായി കുറഞ്ഞ് തേങ്ങാ വില. എന്നാൽ, പ്രദേശിക വിപണിയിൽ അതിന്റെ ആനുപാതികമായി വിലക്കുറവ് ഉണ്ടാവുന്നില്ലെന്നതും ശ്രദ്ധേയം. പൊതുമാർക്കറ്റിൽ ഉണക്കത്തേങ്ങയുടെ വില 50 രൂപയായി താഴ്ന്നു. നേരത്തെ 85 - 90 രൂപ വരെയെത്തിയിരുന്നു. തേങ്ങയുടെ വിലയിടിവ് വെളിച്ചെണ്ണ വിലയിലും പ്രതിഫലിച്ചിട്ടുണ്ട്. 210 - 260 രൂപയാണ് ഇപ്പോഴത്തെ വെളിച്ചെണ്ണ വില. എട്ടുമാസം മുൻപ് ഇത് 440 രൂപവരെ എത്തിയിരുന്നു. എന്നാൽ, പ്രദേശിക കച്ചവട സ്ഥാപനങ്ങളിൽ വെളിച്ചെണ്ണ വില കാര്യമായി കുറഞ്ഞിട്ടില്ല. മേഖലയിലെ പ്രധാന മൊത്ത വിതരണക്കരായ കാട്ടൂർ സർവീസ് സഹകരണ ബാങ്കിന് കീഴിലുള്ള ചൈതന്യ വെളിച്ചെണ്ണ കിലോഗ്രാം 290 രൂപക്കാണ് കച്ചവടക്കാർ വിറ്റുവരുന്നത്. കേര ഡ്രോപ്‌സ് എന്ന പേരിൽ കൊച്ചിയിൽ നിന്നും ഇറങ്ങുന്ന 800 ഗ്രാം തൂക്കമുള്ള വെളിച്ചെണ്ണക്ക് പാക്കറ്റിൽ 270 രൂപയെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 210 രൂപക്കാണ് വിൽപ്പന. കൊപ്ര ആട്ടി വിൽക്കുന്ന വെളിച്ചെണ്ണക്ക് 340 രൂപയാണ് ഇപ്പോഴത്തെ വില. നേരത്തെയിത് 500 രൂപ വരെയെത്തിയിരുന്നു.
പ്രതിസന്ധിയിൽ കർഷകർ
നാളികേരത്തിന് വിലയിടിഞ്ഞത് കർഷകരെ പ്രതിസന്ധിയിലാക്കി. തേങ്ങ വില കുറഞ്ഞതോടെയാണ് വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കും വിലയിടിഞ്ഞത്. കടുത്ത വേനലും തമിഴ്‌നാട്ടിൽ ഉൽപ്പാദനം വർദ്ധിച്ചതും പശ്ചിമേഷ്യൻ യുദ്ധവുമെല്ലാം വില കുറയാൻ കാരണമായി. തമിഴ്നാട്ടിലെ പൊള്ളാച്ചി, കാങ്കയം, ഉദുമൽപ്പേട്ട വിപണികളിൽ കഴിഞ്ഞ ആഴ്ച പച്ചത്തേങ്ങ വില 40 രൂപയിലേക്ക് താഴന്നു. പശ്ചിമേഷ്യൻ യുദ്ധം കാരണം നാളികേര മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ കയറ്റുമതി വൻതോതിൽ കുറഞ്ഞതും വില കുറയാൻ കാരണമായി. വേനലിലെ അസാധാരണ ചൂടും വിലക്കുറവിനു കാരണമായി. കടുത്ത വെയിൽ കാരണം തേങ്ങ പെട്ടെന്ന് വിളഞ്ഞതാണ് തമിഴ്‌നാട്ടിൽ ഉൽപ്പാദനം വർദ്ധിക്കാൻ കാരണമായതെന്ന് പറയുന്നു.
വെളിച്ചെണ്ണ വില:
എട്ടുമാസം മുൻപ്: 440 രൂപ വരെ
നിലവിൽ: 210 - 260 രൂപ
ആട്ടിയ വെളിച്ചെണ്ണ:
എട്ടുമാസം മുൻപ്: 500 രൂപ വരെ
നിലവിൽ: 340 രൂപ