അടുക്കളകളിൽ ആശങ്ക; മാംസവില കുതിച്ചുയരുന്നു

Wednesday 20 May 2026 12:01 AM IST

കൊടുങ്ങല്ലൂർ : കന്നുകാലികളുടെയും ഇറച്ചിക്കോഴികളുടെയും ലഭ്യതയിലുണ്ടായ കുറവും ഇന്ധനവില വർദ്ധനവും മൂലം മാംസവില കുതിച്ചുയരുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വരവ് ഗണ്യമായി കുറഞ്ഞതോടെ വരും ദിവസങ്ങളിലും വില ഇനിയും ഉയരുമെന്ന് വ്യാപാരികൾ പറയുന്നു. ഒരു വർഷം മുൻപ് കിലോഗ്രാമിന് 350 രൂപയായിരുന്ന പോത്തിറച്ചിയുടെ വില നിലവിൽ 440 മുതൽ 460 രൂപ വരെയായി ഉയർന്നു. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള കന്നുകാലികളുടെ വരവ് പകുതിയായി കുറഞ്ഞതാണ് പ്രധാന കാരണം. കൂടാതെ, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻകിട ഇറച്ചി കയറ്റുമതി സ്ഥാപനങ്ങൾ ഉയർന്ന വില നൽകി പോത്തുകളെ വാങ്ങുന്നതും കേരളത്തിലേക്കുള്ള കന്നുകാലികളുടെ വരവ് കുറച്ചു. പ്രാദേശിക മാർക്കറ്റുകളിൽ നിന്ന് നേരിട്ട് ഉരുക്കളെ വാങ്ങി കശാപ്പ് ചെയ്യാൻ സൗകര്യമുള്ള മേഖലകളിൽ വിലക്കയറ്റം താരമ്യേന കുറവാണെന്ന് വ്യാപാരികൾ പറയുന്നു.

റെക്കാർഡ് വിലയിൽ ഇറച്ചിക്കോഴി

ഇറച്ചിക്കോഴിയുടെ വിലയിലും ക്രമാതീതമായ വർദ്ധനവാണ്. കുടുംബശ്രീ സംരംഭമായ 'കേരള ചിക്കനിൽ' കഴിഞ്ഞ ഏപ്രിൽ 18ന് 129 രൂപയായിരുന്ന സ്ഥാനത്ത് മേയ് 18 ന് വില 161 രൂപയിലെത്തി. ദിവസേന 2 മുതൽ 5 രൂപ വരെയാണ് വില വർദ്ധിക്കുന്നത്. സ്വകാര്യ ഫാമുകളിൽ നിന്നുള്ള ചിക്കൻ വില നിലവിൽ 174 രൂപയിൽ എത്തിനിൽക്കുകയാണ്.

വെല്ലുവിളിയായി ചൂട്

ചൂട് മൂലം കോഴികൾ കൂട്ടത്തോടെ ചത്തുപോകുന്നത് ഫാമുകൾക്ക് വലിയ ഭീഷണിയുയർത്തുന്നുണ്ട്. നഷ്ടം ഭയന്ന് മൊത്തക്കച്ചവടക്കാർ കഴിഞ്ഞ മാസങ്ങളിൽ ഉൽപ്പാദനം പകുതിയായി ചുരുക്കി. ഇതാണ് നിലവിലെ കടുത്ത ക്ഷാമത്തിനും വിലക്കയറ്റത്തിനും വഴിവച്ചത്.

പോത്തിറച്ചി - 440 - 460 രൂപ ചിക്കൻ വില - 174 രൂപ കേരള ചിക്കൻ- 161 രൂപ