‘ഇത് കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത’; ഇറാന്റെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിടാൻ ട്രംപ്
വാഷിംഗ്‌ടൺ: ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ സാഹചര്യം കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത മാത്രമാണെന്ന് പറഞ്ഞ ട്രംപ് ഇറാന്റെ ഭാഗത്തുനിന്നും പ്രകോപനപരമായ നീക്കങ്ങൾ തുടർന്നാൽ തിരിച്ചടി കനത്തതായിരിക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയത്. 'ഓപ്പറേഷൻ സ്ലഡ്ജ് ഹാമർ' എന്ന പേരിൽ ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ട് വ്യോമാക്രമണം പുനരാരംഭിക്കാൻ അമേരിക്ക പദ്ധതിയിടുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വളരെ മോശം സമയമാണ് ഇറാനെ കാത്തിരിക്കുന്നത് എന്ന ട്രംപിന്റെ പ്രസ്താവന മേഖലയിൽ ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്താനുള്ള ഇറാന്റെ നീക്കമാണ് പുതിയ തർക്കങ്ങൾക്കുള്ള പ്രധാന കാരണം.യുദ്ധകാലത്തുണ്ടായ സാമ്പത്തിക നഷ്ടം നികത്തുന്നതിനായി കടലിടുക്കിൽ പ്രൊഫഷണൽ ട്രാഫിക് മാനേജ്‌മെന്റ് സംവിധാനം ഏർപ്പെടുത്തുമെന്നും ഇതിലൂടെ പോകുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കുമെന്നും ഇറാൻ പാർലമെന്റ് ഉന്നത ഉദ്യോഗസ്ഥൻ ഇബ്രാഹിം അസീസി വ്യക്തമാക്കിയിരുന്നു.എന്നാൽ ഇറാന്റെ ടോൾ പിരിക്കാനുള്ള നീക്കം അന്താരാഷ്ട്ര നാവിക നിയമങ്ങളുടെ ലംഘനമാണെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ.
തങ്ങളുമായി സഹകരിക്കുന്ന രാജ്യങ്ങൾക്കും വാണിജ്യ കപ്പലുകൾക്കും മാത്രമേ ഈ റൂട്ടിലൂടെ സുരക്ഷിതമായ യാത്ര അനുവദിക്കൂ എന്ന നിലപാടിലാണ് ഇറാൻ.ശത്രുരാജ്യങ്ങളുടെ സൈനിക വിമാനങ്ങളോ കപ്പലുകളോ ഈ വഴി കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരിഫ് ആവർത്തിച്ചു.ഹോർമുസ് കടലിടുക്കിൽ പുതിയ നിയന്ത്രണ മേഖലകൾ ഉൾക്കൊള്ളുന്ന ഭൂപടം ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് പുറത്തുവിട്ടിട്ടുണ്ട്. ഇതാണ് ഡൊണാൾഡ് ട്രംപിനെ പ്രകോപിപ്പിച്ചത്.