രാജ്യത്ത് 500 രൂപയുടെ വ്യാജനോട്ടുകൾ പെരുകുന്നു; പ്ലാസ്റ്റിക് നോട്ടുകൾ അവതരിപ്പിച്ചാലുണ്ടാകുന്ന ഗുണങ്ങളും വെല്ലുവിളികളും

Wednesday 03 June 2026 11:45 AM IST

ന്യൂഡൽഹി: ഡിജിറ്റൽ പെയ്‌മെന്റുകൾ അതിവേഗം വളരുന്ന സാഹചര്യത്തിലും ഇന്ത്യയിൽ കറൻസി നോട്ടുകളുടെ ഉപയോഗം കുറയുന്നില്ല. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിൽ നോട്ടുകളുടെ പ്രചാരണം ഓരോ ദിവസവും വർദ്ധിക്കുകയാണ്. ഇതിനിടയിൽ ഓരോ വർഷവും കണ്ടെത്തുന്ന വ്യാജനോട്ടുകളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് വലിയ ആശങ്കയായി മാറിയിരിക്കുകയാണ്.

ആർബിഐയുടെ 2025-26ലെ വാർഷിക റിപ്പോർട്ട് പ്രകാരം, ബാങ്കിംഗ് സംവിധാനത്തിനുള്ളിൽ കണ്ടെത്തിയ വ്യാജനോട്ടുകളുടെ എണ്ണത്തിൽ മുൻവർഷത്തെക്കാൾ 5.7 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ 2,17,396 വ്യാജനോട്ടുകൾ കണ്ടെത്തിയ സ്ഥാനത്ത് ഇത്തവണ 2,29,746 വ്യാജ നോട്ടുകൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഇതിൽതന്നെ ഏറ്റവും കൂടുതൽ കണ്ടെത്തിയിരിക്കുന്നത് 500 രൂപയുടെ വ്യാജനോട്ടുകളാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 20.5 ശതമാനം അധികം 500ന്റെ വ്യാജനോട്ടുകളാണ് ഇത്തവണ കണ്ടെത്തിയിരിക്കുന്നത്.

അതേസമയം, ഇത്തവണ കണ്ടെത്തിയ ഇരുന്നൂറിന്റെയും നൂറിന്റെയും വ്യാജനോട്ടുകളുടെ എണ്ണം മുൻവർഷത്തെക്കാൾ കുറവാണ്. അമ്പതുരൂപാ നോട്ടുകളുടെ കാര്യത്തിലും ഈ കുറവ് പ്രകടമാണ്. ആർബിഐ പിൻവലിച്ച 2000 രൂപ നോട്ടുകളുടെ വ്യാജപതിപ്പുകളുടെ എണ്ണവും കുത്തനെ കുറഞ്ഞു. 2024-25 ൽ 3508 2000 ത്തിന്റെ വ്യാജനോട്ടുകൾ കണ്ടെത്തിയപ്പോൾ ഇത്തവണ അത് 824 ആയി ചുരുങ്ങി. രാജ്യത്ത് പ്രചാരത്തിലുള്ള ഉയർന്ന മൂല്യമുള്ള നോട്ടുകളിൽ പ്രധാന പങ്ക് വഹിക്കുന്ന 500 രൂപ നോട്ടുകളാണ് വ്യാജനിർമ്മാതക്കൾ ലക്ഷ്യം വയ്‌ക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

പഴകിയതും കേടായതുമായ നോട്ടുകളുടെ നിർമാർജനത്തിലും മാറ്റം രേഖപ്പെടുത്തി. 2025-26ൽ 1.72 ലക്ഷം നോട്ടുകളാണ് നിർമാർജനം ചെയ്‌തത്. മുൻവർഷം ഇത് 2.38 ലക്ഷം ആയിരുന്നു. ഏകദേശം 28.6 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. എന്നിരുന്നാലും, നിർമാർജനം ചെയ്‌ത നോട്ടുകളിൽ 500 രൂപയുടെ നോട്ടുകളാണ് ഏറ്റവും കൂടുതൽ ഉള്ളത്. 59.8 ലക്ഷം 500 രൂപാ നോട്ടുകൾ ഉപയോഗപ്രദമല്ലാത്തതിനാൽ ഉപേക്ഷിക്കേണ്ടി വന്നു.

ഈ സാഹചര്യത്തിലാണ് പല രാജ്യങ്ങളും സ്വീകരിച്ചുവരുന്ന പ്സാസ്റ്റിക്, പോളിമർ നോട്ടുകളെന്ന ആശയം വീണ്ടും ചർച്ചയാകുന്നത്. കാനഡ, ബ്രിട്ടൺ,ഓസ്‌ട്രേലിയ, ന്യൂസ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങൾ പേപ്പർ നോട്ടുകൾക്ക് പകരം പോളിമർ നോട്ടുകൾ ഉപയോഗിക്കുന്നുണ്ട്. ഇവ സാധാരണ പേപ്പർ നോട്ടുകളെക്കാൾ കൂടുതൽ കാലം നിലനിൽക്കുകയും വെള്ളം, അഴുക്ക്, കീറൽ എന്നിവയെ കൂടുതൽ പ്രതിരോധിക്കുകയും ചെയ്യുന്നു. കൂടാതെ ഇവയുടെ വ്യാജ നിർമ്മാണം അത്ര എളുപ്പമല്ലെന്നാണ് കണ്ടെത്തൽ.

ഇന്ത്യയിൽ പോളിമർ നോട്ടുകൾ അവതരിപ്പിക്കാനുള്ള ആശയം ആദ്യമായി 2007ലാണ് ആർബിഐ മുന്നോട്ടുവച്ചത്. അഞ്ച് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാൽ, പിന്നീട് പദ്ധതി മുന്നോട്ട് പോയില്ല. വിദഗ്‌ദ്ധരുടെ അഭിപ്രായത്തിൽ, പോളിമർ നോട്ടുകളിലേക്ക് മാറുന്നതിന് വലിയ രീതിയിലുള്ള പ്രാരംഭ ചെലവ് ആവശ്യമാണ്. എടിഎമ്മുകൾ, നോട്ട് എണ്ണുന്ന മെഷീനുകൾ തുടങ്ങി നോട്ടുകൾ കൈകാര്യം ചെയ്യുന്ന സംവിധാനങ്ങളിലെല്ലാം മാറ്റങ്ങൾ കൊണ്ടുവരേണ്ടി വരും. എന്നാൽ, 500 രൂപയുടെ വ്യാജനോട്ടുകൾ വർദ്ധിക്കുന്നത് കണക്കിലെടുക്കുമ്പോൾ, കുറഞ്ഞത് ഉയർന്ന മൂല്യമുള്ള നോട്ടുകളെങ്കിലും പോളിമറിൽ അച്ചടിക്കുന്ന കാര്യം പരിഗണിക്കുണമെന്നാണ് വിദഗ്‌ദ്ധരുടെ വിലയിരുത്തൽ. നോട്ടുകളുടെ സുരക്ഷയും ദീർഘനാളത്തെ ഉപയോഗവും ഉറപ്പാക്കുന്ന പുതിയ സാങ്കേതിക വിദ്യകളിലേക്കുള്ള മാറ്റത്തിന് ഭാവിയിൽ കൂടുതൽ പ്രാധാന്യം ഉണ്ടാകുമെന്നാണ് കരുതുന്നത്.