ഊബർ, ഒല, റാപ്പിഡോ ആപ്പുകൾ നീക്കം ചെയ്യണം; ഗൂഗിളിനോട് സർക്കാർ; മഹാരാഷ്ട്രയുടെ നീക്കത്തിന് പിന്നിൽ
മുംബയ്: ബൈക്ക് ടാക്സികൾക്ക് സർവീസ് നടത്താൻ അനുവാദമില്ലെന്ന് സർക്കാർ നിലപാട് സ്വീകരിച്ചതോടെ ഒല, ഊബർ, റാപ്പിഡോ തുടങ്ങിയ ഓൺലൈൻ ആപ്ലിക്കേഷനുകൾ നൽകുന്ന ബൈക്ക് ടാക്സി സേവനങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. അനധികൃത ബൈക്ക് ടാക്സി ആപ്പുകൾ അടച്ചുപൂട്ടാനും ഈ സ്ഥാപനങ്ങളുടെ ഉടമകൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യാനും ഗതാഗത മന്ത്രി പ്രതാപ് സർനായക് ഈ ആഴ്ച ആദ്യം സൈബർ ക്രൈം വകുപ്പിനോട് ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് നിയന്ത്രണം ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചത്.
നിയമവിരുദ്ധമായ ബൈക്ക് ടാക്സികൾ അംഗീകാരം നൽകിയതിന് ആപ്പിളിനും ഗൂഗിളിനും മഹാരാഷ്ട്ര സൈബർ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. ഒല, ഊബർ, റാപ്പിഡോ ആപ്പുകൾ അവരുടെ ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്യാനും ഉത്തരവിട്ടു. അതേസമയം, ബൈക്ക് ടാക്സി പ്രവർത്തനങ്ങൾ മാത്രം നിർത്തിവയ്ക്കുന്നതിനും കാബ്, ഓട്ടോ, മറ്റ് സർവീസുകൾ എന്നിവയെ ബാധിക്കാതിരിക്കുന്നതിനുമുള്ള ബദൽ മാർഗം അധികൃതർ അന്വേഷിക്കുകയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
സർക്കാർ തീരുമാനത്തിന് പിന്നിൽ
ടാക്സി വാഹന സർവീസ് സേവനങ്ങൾ നൽകുന്ന ഓൺലൈൻ ആപ്പുകൾ അനധികൃതമായി ബൈക്ക് ടാക്സി സേവനങ്ങൾ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടു. ആവശ്യമായ അനുമതികളില്ലാതെയും നിയമങ്ങൾ പാലിക്കാതെയുമാണ് ഇത്തരം സേവനങ്ങൾ ലഭ്യമാക്കുന്നത്. ഇത് മോട്ടോർ വാഹനനിയമങ്ങളുടെ ലംഘനമാണെന്നും സർക്കാർ പുറത്തുവിട്ട ഉത്തരവിൽ പറയുന്നു. ഡ്രൈവർ വെരിഫിക്കേഷൻ സംവിധാനങ്ങൾ, ഇൻഷുറൻസ് പരിരക്ഷ, സ്ത്രീ സുരക്ഷാ നടപടികൾ, അടിയന്തര പ്രതികരണ സംവിധാനങ്ങൾ എന്നിവ വളരെ അപര്യാപ്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അപകടവും മരണവും
ബൈക്ക് ടാക്സി ഡ്രൈവർമാരുടെ അശ്രദ്ധമായ ഡ്രൈവിംഗ് പൊതുസുരക്ഷയ്ക്ക് ഭീഷണിയാണ്. ഇത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഈ ആപ്ലിക്കേഷനുകളിൽ വഴി പ്രവർത്തിച്ച ഒരു ബൈക്ക് ടാക്സി സർവീസ് ഒരു സ്ത്രീയുടെ ദാരുണമായ മരണത്തിന് വരെ കാരണമായിട്ടുണ്ട്. ഈ സംഭവത്തിൽ ക്രിമിനൽ കേസ് വരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് സമാനമായ ഒട്ടേറെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽക്കൂടിയാണ് സർക്കാരിന്റെ നിർദ്ദേശം.
ഗതാഗതമന്ത്രി പൊലീസിന് നൽകിയ നിർദ്ദേശം സംസ്ഥാനത്ത് നിരവധി അനധികൃത ബൈക്ക് ടാക്സി സർവീസുകൾ നിർബന്ധിത അനുമതിയില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് കാണിച്ച് ഗതാഗത മന്ത്രി പ്രതാപ് സർനായക് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസിന് (സൈബർ ക്രൈം) കത്തെഴുതുകയും അതിന്റെ പകർപ്പ് ഡിജിപിക്ക് നൽകുകയും ചെയ്തിരുന്നു.
ഈ ആപ്പുകൾ സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ സർക്കാർ നിയമങ്ങൾ പരസ്യമായി ലംഘിക്കുകയാണ് ചെയ്യുന്നത്. ഇത് കൃത്യമായ ലൈസൻസും ടാക്സും നൽകി പ്രവർത്തിക്കുന്ന ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാരുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കുന്നു. ആപ്പുകളുടെ സഹായത്തിൽ പ്രവർത്തിക്കുന്ന ഇത്തരം ബൈക്ക് ടാക്സി സേവനങ്ങൾ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്.
ഡ്രൈവർ വെരിഫിക്കേഷൻ കൃത്യമായി നടക്കുന്നില്ല, ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കുന്നില്ല, സ്ത്രീ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും ചൂണ്ടിക്കാട്ടി. ഓല, ഊബർ, റാപ്പിഡോ തുടങ്ങിയ കമ്പനികളുമായി ബന്ധമുള്ള അനധികൃത ബൈക്ക് ടാക്സി ആപ്പുകൾ ഉടനടി അടച്ചുപൂട്ടുകയും ആപ്പ് കമ്പനികൾ, ഡ്രൈവർമാർ, ഓപ്പറേറ്റർമാർ എന്നിവർക്കെതിരെ ഇൻഫർമേഷൻ ടെക്നോളജി ആക്ട്, മോട്ടോർ വെഹിക്കിൾസ് ആക്ട് എന്നിവ പ്രകാരം കർശനമായ നിയമനടപടികൾ സ്വീകരിക്കുകയും വേണമെന്ന് മന്ത്രിയുടെ നിർദ്ദേശത്തിൽ പറയുന്നു.