വിവാഹപ്രായം ആറ് വയസ്സ്, ലൈംഗികത സ്ത്രീകള്‍ക്ക് പേടിസ്വപ്നം; തൊട്ടടുത്തുണ്ട് ഭൂമിയിലെ 'നരകം'

Wednesday 03 June 2026 8:40 PM IST

ഇന്ന് ലോക രാജ്യങ്ങളില്‍ നല്ലൊരു ഭാഗത്തും സാമൂഹ്യ മുന്നേറ്റത്തില്‍ സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ നാട്ടിലും അത്തരം ഉദാഹരണങ്ങള്‍ നിരവധിയാണ്. ലോകം പരിഷ്‌കൃതസമൂഹമായി രൂപമാറ്റം വരുത്തിയിരിക്കുന്നു സ്ത്രീ മുന്നേറ്റത്തിന്റെ കാര്യത്തില്‍ എന്ന് ഊറ്റം കൊള്ളുമ്പോള്‍ പ്രാകൃത രീതികളേപ്പോലും നാണിപ്പിക്കുന്ന രീതിയില്‍ സ്ത്രീ സ്വാതന്ത്ര്യം ചവിട്ടിയരയ്ക്കപ്പെടുകയാണ് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ അഥവാ താലിബാന്റെ അഫ്ഗാനിസ്ഥാനില്‍.

കളിപ്പാട്ടങ്ങളും വര്‍ണക്കുപ്പായങ്ങളുമണിഞ്ഞ് അക്ഷരമുറ്റത്തേക്ക് പോകേണ്ട ആറാം വയസ്സില്‍ 'മണിയറയിലേക്ക്' ആണ് അഫ്ഗാനിലെ പെണ്‍കുട്ടികള്‍ കടന്ന് ചെല്ലേണ്ടത്. രാജ്യത്ത് പാസാക്കിയ ഏറ്റവും പുതിയ നിയമം അനുസരിച്ച് ഏതൊരു മുതിര്‍ന്ന പൗരനും ആറ് വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ നിയമം അനുവദിക്കുന്നു. ഒമ്പതാം വയസ്സില്‍ പെണ്‍കുട്ടിക്ക് വിവാഹമോചനത്തിന് താലിബാന്‍ കോടതിയെ സമീപിക്കാമെന്ന വ്യവസ്ഥയുണ്ടെങ്കിലും തലയ്ക്ക് സ്ഥിരതയുള്ള ആരും ഇതിന് നിഷ്‌കളങ്കമായി കാണാനിടയില്ല.

2021 ഓഗസ്റ്റിലാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണനിയന്ത്രണത്തിലേക്ക് മടങ്ങിയെത്തിയത്. ഇതിന് ശേഷം അഞ്ച് വര്‍ഷത്തോട് അടുക്കുമ്പോള്‍ സ്ത്രീ സ്വാതന്ത്ര്യത്തിന് മൂക്കുകയറിടുന്ന 140 നിയമങ്ങളാണ് പുതിയതായി നടപ്പിലാക്കിയിരിക്കുന്നത്. ഒരുതരത്തില്‍ പറഞ്ഞാല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്നത് കൊടും ക്രൂരതയെ നിയമസാധുതയുള്ളതാക്കി മാറ്റിയ വ്യവസ്ഥകളാണ്. വിവാഹ പ്രായം ആറാക്കിയ രാജ്യത്ത് ഇതിന് പെണ്‍കുട്ടിയുടെ സമ്മതം പോലും ആവശ്യമില്ല.

കൊടും പട്ടിണിയിലും സാമ്പത്തിക പ്രതിസന്ധിയിലും യുദ്ധക്കെടുതിയിലും വലയുന്ന രാജ്യത്ത് സ്വന്തം കുഞ്ഞുങ്ങളെ മറ്റുള്ളവര്‍ക്ക് വില്‍ക്കേണ്ട അവസ്ഥയാണ് മാതാപിതാക്കള്‍ക്ക്. 12 വയസ്സിന് ശേഷം ഒരു പെണ്‍കുട്ടിക്കും വിദ്യാഭ്യാസത്തിന് പോകാനാകില്ല. താലിബാന്റെ രണ്ടാം വരവില്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിച്ചിടത്താണ് പ്രാകൃത രീതികളുടെ പൊടിതട്ടിയെടുക്കല്‍ ഉണ്ടായിരിക്കുന്നത്. പഠനത്തിനോ ജോലി ചെയ്യാനോ രാജ്യത്തെ സ്ത്രീകള്‍ക്ക് അനുവാദമില്ല.

80 ശതമാനത്തിലധികം സ്ത്രീകളെയാണ് തൊഴില്‍ മേഖലയില്‍ നിന്ന് പുറത്താക്കിയത്. ബാങ്കുകള്‍, കോടതികള്‍, എന്‍ജിഒകള്‍, ഐക്യരാഷ്ട്രസഭയുടെ ഏജന്‍സികള്‍ എന്നിവയിലെല്ലാം സ്ത്രീവിലക്ക് നിലവില്‍ വന്നു. ഒറ്റയ്ക്ക് വീടിന് പുറത്തേക്ക് ഇറങ്ങാന്‍ ഒരു സ്ത്രീക്കും അനുവാദമില്ല. പിതാവോ സഹോദരനോ ഭര്‍ത്താവോ ആയ ഒരു പുരുഷന്‍ ഒപ്പമുണ്ടാകണം. ഏതൊരു പുരുഷനും ഏതൊരു സ്ത്രീയേയും ശിക്ഷിക്കാം.

വിവാഹം കഴിച്ച സ്ത്രീയെ ലൈംഗികമായി ഉപദ്രവിക്കാന്‍ പോലും നിയമം അനുവദിക്കുന്നുണ്ടെന്നതാണ് രാജ്യത്തെ സ്ഥിതി. ഇത് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് സ്ത്രീകള്‍ക്ക് പോടിസ്വപ്‌നമാക്കി മാറ്റിയിട്ടുണ്ട്. ഭര്‍ത്താവിന് ഭാര്യയെ ക്രൂരമായി മര്‍ദിക്കാനും ലൈംഗികമായി പീഡിപ്പിക്കാനും പുതിയ നിയമങ്ങള്‍ അനുവാദം നല്‍കുന്നു. സ്ത്രീകളുടെ ഒരു ചെറിയ തെറ്റിന് പോലും അഞ്ച് മാസം തടവ് ശിക്ഷ നല്‍കുന്ന നിയമത്തില്‍ ഭാര്യയുടെ അസ്ഥി ഒടിക്കുന്ന ഭര്‍ത്താവിന് ലഭിക്കുന്നത് വെറും 15 ദിവസത്തെ തടവ് മാത്രമാണ്.

ഒരു സ്ത്രീക്ക് താലിബാന്‍ കോടതിയില്‍ തന്റെ ശരീരം കാണിക്കാതെ തെളിയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമായിരിക്കും പുരുഷന് ശിക്ഷ ലഭിക്കുക. വീട്ടിലുള്ള ജനാലകള്‍ വഴി പുറത്തേക്ക് നോക്കാതിരിക്കാന്‍ എല്ലായിടത്തും ഇഷ്ടികകള്‍ കൊണ്ട് മൂടിയിരിക്കുകയാണ്. അതുപോലെ തന്നെ മറ്റൊരു പുരുഷനെ നോക്കുന്നതിനോ സംസാരിക്കുന്നതിനോ പോലും വിലക്കുണ്ട്. ഈ കൊടും യാതനകള്‍ സഹിക്കാനാകാതെ രാജ്യത്ത് ദിനംപ്രതി നിരവധി സ്ത്രീകളാണ് ആത്മഹത്യ ചെയ്യുന്നത്. ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം ഈ ക്രൂരതകളോട് രാജ്യാന്തര സമൂഹം പാലിക്കുന്ന മൗനമാണ്.