ക്രൂസറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം

Saturday 23 May 2026 11:00 AM IST

ബംഗളൂരു: ക്രൂസറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം. കർണാടകയിലെ ലഡ്‌ലാപൂരിൽ ദേശീയ പാത 150ൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. കലബുറഗി പൊലീസ് സൂപ്രണ്ട് എ ശ്രീനിവാസലു സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു.

തൊലുസാബ് കശ്‌വാർ (27), ഹുസൈൻ ഷാ (48), മൈബൂബ് അലി (45), റസൂൽ ബീ (42), ഫാത്തിമ അലി (38) എന്നിവരാണ് മരിച്ചത്. ഇൻഗാലഗി ഗ്രാമവാസികളാണ് ഇവർ. ഇന്നലെ അർദ്ധരാത്രി ഇവരുടെ ബന്ധു ന്യൂമോണിയയുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് കുടുംബത്തിലെ എട്ടുപേർ ചേർന്ന് ക്രൂസറിൽ രോഗിയെ യാഡ്‌ഗിറിലെ ആശുപത്രിയിലെത്തിച്ചു. തിരികെ അ‌ഞ്ചുപേർ വാഹനത്തിൽ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. തമിഴ്‌‌നാട്ടിൽ നിന്ന് എതിർദിശയിൽ വരികയായിരുന്ന ലോറി, ക്രൂസറുമായി കൂട്ടിയിടിക്കുകയായിരുന്നു. ക്രൂസറിലുണ്ടായിരുന്ന അഞ്ചുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു.

അപകടത്തിൽ ക്രൂസറിന്റെ മുൻവശം പൂർണമായി തകർന്നു. ലോറിക്കും കേടുപാടുകൾ പറ്റി. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ ഓടിരക്ഷപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി വാഡി സർക്കാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേയ്ക്ക് മാറ്റി.