മമത പുറത്താക്കിയ ഋതബ്രത ബാനർജി ബംഗാൾ പ്രതിപക്ഷ നേതാവ്, തൃണമൂൽ പിളർപ്പിലേക്ക്

Wednesday 03 June 2026 6:41 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക് ,​ പാർട്ടിയിൽ നിന്ന് മമത ബാനർജി പുറത്താക്കിയ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു പ്രതിപക്ഷ നേതാവാകാൻ 59 എം.എൽ,​എമാരുടെ കത്തുമായി ഋതബ്രത ബാനർജി സ്പീക്കർ രവിന്ദ്രനാഥ് ബോസിനെ സമീപിച്ചിരുന്നു. പിന്നാലെയാണ് മമത വിഭാഗത്തെ ഒഴിവാക്കി ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവാക്കിയത്. ശോഭൻ ദേബ് ചതോപാദ്ധ്യയയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഷേക് ബാനർജി നൽകിയ കത്ത് സ്പീക്കർ പരിഗണിച്ചില്ല.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് ഋതബ്രത ബാനർജിയെയും സന്ദീപൻ സാഹയെയും തൃണമൂൽ നേതൃത്വം നേരത്തെ പുറത്താക്കിയിരുന്നു. എന്നാൽ ആകെ 80 എം.എൽ.എമാരുള്ള പാർട്ടിയിൽ മൂന്നിൽ രണ്ട് ഭാഗത്തിലധികം എം.എൽമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് വിമതർ അവകാശപ്പെട്ടു. കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ ആവശ്യമായ പിന്തുണ ഇവർക്കുണ്ട്. ഇതോടെ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിനായി വിമതർ അവകാശവാദം ഉന്നയിക്കാനും സാദ്ധ്യതയുണ്ട്.

കഴിഞ്ഞ ഞായറാഴ്ച മമത ബാനർജി തന്റെ വസതിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ വെറും 20 എം.എൽ.എമാർ മാത്രമാണ് പങ്കെടുത്തത്. അന്ന് തന്നെ വിമത പക്ഷത്തിന് 30 എംഎൽ.എമാരുടെ രിന്തുണ ലഭിച്ചരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. അതേസമയം സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി തൃണമൂൽ നേതൃത്വം വാർത്താക്കുറിപ്പ് പുറത്തിറക്കി. പോഷക സംഘടനകളുടെ അടക്കം എല്ലാ കമ്മിറ്റികളും ആണ് പിരിച്ചുവിട്ടത്. ഉടൻ തന്നെ പുനഃസംഘടനയുണ്ടാകുമെന്നും പാർട്ടി അറിയിച്ചു.