നി​ർ​മ്മ​ലം​ ​ഈ കൂ​ടി​ക്കാ​ഴ്ച ; പ്ര​തീ​ക്ഷ​യി​ൽ​ ​കേ​ര​ളം,​ മുഖ്യമന്ത്രിയും ഗവർണറും ഒന്നിച്ച് ആവശ്യങ്ങൾ നിരത്തി

Thursday 13 March 2025 4:17 AM IST

 വയനാടും ധനസ്ഥിതിയും സിൽവർ ലൈനും ഉന്നയിച്ചു

 കേരളഹൗസിൽ പ്രഭാതഭക്ഷണത്തിനെത്തി ധനമന്ത്രി --

ന്യൂഡൽഹി: കേന്ദ്രവുമായുള്ള ഏറ്റുമുട്ടൽ അവസാനിപ്പിച്ച് അനുനയത്തിലൂടെ ആവശ്യങ്ങൾ നേടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ നീക്കത്തിൽ ശുഭപ്രതീക്ഷ. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ പിന്തുണയോടെ കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമനെ സംസ്ഥാന സർക്കാർ കേരള ഹൗസിലേക്ക് ക്ഷണിക്കുകയും ഇന്നലെ രാവിലെ പ്രഭാത ഭക്ഷണത്തിന് എത്തുകയും ചെയ്തതോടെയാണ് മഞ്ഞുരുകിയത്.

മുഖ്യമന്ത്രി കേരളത്തിന്റെ ആവശ്യങ്ങൾ ഒന്നൊന്നായി ഉന്നയിച്ചു. ഗവർണർ പൂർണ പിന്തുണ നൽകി ചർച്ചയിൽ പങ്കാളിയായി. നിർമ്മല സീതാരാമൻ അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നാണ് ഉറപ്പ്. ഉദ്യോഗസ്ഥ തലത്തിൽ അടക്കം ചർച്ചകൾ തുടരും.

സിൽവർ ലൈനും മുഖ്യമന്ത്രി ഉന്നയിച്ചു. വയനാട് പുനരധിവാസം,വിഴിഞ്ഞം വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ്, കടമെടുപ്പ് പരിധി, എയിംസ്, ജി.എസ്.ടി നഷ്‌ടപരിഹാരം എന്നിവയ്ക്കു പുറമേ, സാമ്പത്തിക പ്രതിസന്ധിയും ശ്രദ്ധയിൽപ്പെടുത്തി. അതേസമയം, ആശാ വർക്കർമാരുടെ വിഷയം ചർച്ചയായില്ല. സംസ്ഥാനത്തിന്റെ ഡൽഹി പ്രതിനിധി പ്രൊഫ.കെ.വി.തോമസും പങ്കാളിയായി.

വയനാട് പുനരധിവാസത്തിനായി അനുവദിച്ച 529.5 കോടി ചെലവഴിക്കാൻ അനുവദിച്ച സമയപരിധി മാർച്ച് 31ൽ നിന്ന് നീട്ടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ടൗൺഷിപ്പിന്റെ തറക്കല്ലിടൽ മാർച്ച് 27ന് നടത്തുമെന്ന് അറിയിച്ചു. പുരധിവാസ നടപടികൾക്ക് കേന്ദ്രത്തിന്റെ പൂർണപിന്തുണ തേടിയപ്പോൾ തീർച്ചയായും പരിശോധിക്കാമെന്നായിരുന്നു നിർമ്മലയുടെ മറുപടി.

ചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയ ഗവർണർ മാദ്ധ്യമപ്രവർത്തകർക്ക് നേരെ കൈകൂപ്പി വിജയചിഹ്നം കാണിച്ചതും ശ്രദ്ധേയം. കേന്ദ്രമന്ത്രിയുടേത് അനൗദ്യോഗിക സന്ദർശനമായിരുന്നുവെന്ന വാർത്താക്കുറിപ്പാണ് സർക്കാർ ഇറക്കിയത്.

കേസും വഴക്കും

ഗുണം ചെയ്തില്ല

 സാമ്പത്തിക വിഷയങ്ങളിൽ സുപ്രീംകോടതിയിൽ കേസ് നടത്തിയതുകൊണ്ടോ, കേന്ദ്രത്തിനെതിരെ സമരം ചെയ്തതുകൊണ്ടോ കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ കഴിയില്ലെന്ന് ബോധ്യമായതോടെയാണ് സംസ്ഥാന സർക്കാർ പുതിയവഴി തേടിയത്.

അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ എന്തിനും ഏതിനും കേന്ദ്രത്തെ പഴിപറയുന്ന പ്രവണത തിരിച്ചടിയാവുമെന്ന് ആശങ്കയുണ്ട്.പുതിയ ഗവർണർ എത്തിയപ്പോൾ മുതൽ ബന്ധം സൗഹൃദമാക്കാൻ സർക്കാർ ജാഗ്രത പുലർത്തിയിരുന്നു.ഗവർണറും സൗഹൃദഹസ്തം നീട്ടിയതോടെ അത് പ്രയോജനപ്പെടുത്തുകയായിരുന്നു.

കേരളീയ ഭക്ഷണം

നൽകി സൽക്കാരം

പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനത്തിന്റെ തിരക്കുകൾക്കിടയിലാണ് നിർമ്മല സീതാരാമൻ ഇന്നലെ രാവിലെ ഒൻപതോടെ കേരള ഹൗസിലെത്തിയത്. പ്രഭാതഭക്ഷണത്തിൽ കേരളത്തിന്റെ തനത് വിഭവമായ പുട്ടിന് പുറമെ അപ്പം, ഇഡലി, ദോശ, ചമ്മന്തി, സാമ്പാർ, ഉഴുന്നുവട, ഏത്തപ്പഴം പുഴുങ്ങിയത് തുടങ്ങിയവ വിളമ്പി. 50 മിനിട്ടോളം ചെലവഴിച്ച ശേഷമാണ് ധനമന്ത്രി മടങ്ങിയത്.

കേന്ദ്ര ധനമന്ത്രിയുമായി ഊഷ്‌മളമായ ആശയവിനിമയം നടന്നു

-മുഖ്യമന്ത്രി പിണറായി വിജയൻ

(ഔദ്യോഗിക എക്‌സ്

അക്കൗണ്ടിൽ പ്രതികരിച്ചത്)