നടി സൗന്ദര്യയുടെ മരണം കൊലപാതകമെന്ന് പരാതി
ഹൈദരാബാദ്: സത്യൻ അന്തിക്കാടിന്റെ ' യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ' പ്രിയദർശന്റെ കിളിച്ചുണ്ടൻ മാമ്പഴം ' എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ തെന്നിന്ത്യൻ താരറാണി സൗന്ദര്യയുടെ മരണം കൊലപാതകമാണെന്ന് 21 വർഷത്തിനുശേഷം ആരോപണം. സൗന്ദര്യ വിമാനാപകടത്തിൽ മരിക്കുകയായിരുന്നു.എന്നാൽ വസ്തു കൈക്കലാക്കാൻ പ്രശസ്ത തെലുങ്കു നടൻ മോഹൻബാബു കൊലപാതകം ആസൂത്രണം ചെയ്തെന്നാണ് പൊലീസിനു ലഭിച്ച പരാതിയിൽ ആരോപിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണവും ചർച്ചയും വിവാദവും കൊഴുക്കുകയാണ്. ചിട്ടിമല്ലു എന്നയാളാണ് മോഹൻ ബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഖമ്മം എ.സി.പിക്കും ജില്ലാ അധികാരിക്കും പരാതി നൽകുകയും ചെയ്തു. മോഹൻ ബാബുവുമായി സൗന്ദര്യക്കുണ്ടായിരുന്ന വസ്തു തർക്കമാണ് നടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഇയാളുടെ പരാതിയിൽ പറയുന്നു. ഷംഷാബാദിലെ ജാൽപള്ളി എന്ന ഗ്രാമത്തിൽ സൗന്ദര്യക്കും സഹോദരനും ആറ് ഏക്കർ ഭൂമിയുണ്ടായിരുന്നു. ഇത് മോഹൻ ബാബുവിന് വിൽക്കാൻ ഇരുവരും വിസമ്മതിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത് വലിയ സംഘർഷത്തിനുകാരണമായി. സൗന്ദര്യയുടെ മരണശേഷം മോഹൻബാബു ഈ ഭൂമി ബലമായി എഴുതിവാങ്ങി.സൗന്ദര്യയുടെ ഭർത്താവ് ജി.എസ്.രഘു ഇത് നിഷേധിച്ചിട്ടുണ്ട്.
മോഹൻ ബാബുവിൽനിന്ന് ഭൂമി തിരിച്ചുവാങ്ങി പൊതുജന ക്ഷേമങ്ങൾക്ക് ഉപയോഗിക്കണം. വിശദമായ അന്വേഷണം വേണമെന്നും ചിട്ടിമല്ലു പരാതിയിൽ പറയുന്നു. മോഹൻ ബാബുവിന്റെ കുടുംബത്തിൽ നിലവിലുള്ള പ്രശ്നങ്ങളെക്കുറിച്ചും പരാതിയിൽ പറയുന്നുണ്ട്. മോഹൻ ബാബുവും ഇളയമകൻ മഞ്ചു മനോജും തമ്മിൽ ഏറെക്കാലമായി തർക്കം നിലനിൽക്കുന്നുണ്ട് . അതേസമയം, ആരോപണങ്ങളോട് മോഹൻ ബാബുവോ അദ്ദേഹത്തിന്റെ പ്രതിനിധികളോ പ്രതികരിച്ചിട്ടില്ല.
മരിക്കുമ്പോൾ 32 വയസായിരുന്നു സൗന്ദര്യക്ക്. ഗർഭിണിയായിരുന്നു. മരിക്കുന്നതിനു ഒരു വർഷം മുമ്പായിരുന്നു വിവാഹം. 2004 ഏപ്രിൽ 17ന് സൗന്ദര്യയും സഹോദരൻ അമർനാഥും ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അഗ്നി ഏവിയേഷന്റെ നാലുപേർക്കിരിക്കാവുന്ന സെസ്ന180 എന്ന ചെറുവിമാനം പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ ജക്കൂരിൽ തകർന്നുവീണു. മലയാളിയായ പൈലറ്റ് ജോയ് ഫിലിപ്പ് (28), സൗന്ദര്യയുടെ സഹോദരൻ അമർനാഥ് ഷെട്ടി (34), ബി.ജെ.പി പ്രാദേശിക നേതാവ് രമേഷ്കാദം (30) എന്നിവരും മരിച്ചു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.