അന്ന് ദീദിയുടെ വലംകൈ, ഇന്ന് ബി.ജെ.പിയുടെ ദാദ

Tuesday 05 May 2026 1:10 AM IST

ന്യൂഡൽഹി: ബംഗാളിൽ ബി.ജെ.പിയുടെ നേട്ടവും തൃണമൂലിന്റെ നഷ്‌ടവുമാണ് സുവേന്ദു അധികാരി. 2016ൽ ബംഗാളിൽ മൂന്ന് സീറ്റുമാത്രം നേടിയ ബി.ജെ.പിക്ക് അവിടെ ശക്തനായ നേതാവിനെ ആവശ്യമായിരുന്നു. കേന്ദ്രമന്ത്രി അമിത് ഷാ കണ്ടെത്തിയത് സുവേന്ദുവിനെ.

ഇന്ന് സാക്ഷാൽ മമതയെ വീഴ്‌ത്തി സുവേന്ദു മുഖ്യമന്ത്രിക്കസേരയിലേക്ക്.

മമതയെപ്പോലെ കോൺഗ്രസിൽ നിന്നാണ് സുവേന്ദുവിന്റെയും രാഷ്‌ട്രീയ അരങ്ങേറ്റം. തൃണമൂൽ രൂപീകരിച്ചപ്പോൾ എത്തിയ പ്രമുഖരിലൊരാൾ. ബംഗാളിൽ 34 വർഷത്തെ ഇടതുഭരണം അവസാനിപ്പിക്കാൻ പ്രധാന പങ്കുവഹിച്ച നന്ദിഗ്രാം സമരത്തിന് നേതൃത്വം നൽകിയത് സുവേന്ദുവാണ്. പിന്നീട് മമതയുടെ വിശ്വസ്‌തൻ. സുവേന്ദുവിന്റെ രാഷ്ട്രീയ കരിയർ കുതിച്ചു.

2006ൽ കാന്തി മണ്ഡലത്തിൽ നിന്ന് ജയിച്ച് നിയമസഭയിലേക്ക്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ ലക്ഷ്മൺ സേത്തിനെ 1.7 ലക്ഷം വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2014ൽ സീറ്റ് നിലനിറുത്തി. സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളായ ബങ്കുര, പുരുലിയ,​ മാവോയിസ്റ്റ് ബാധിത വെസ്റ്റ് മിഡ്‌നാപൂർ,​ കോൺഗ്രസ് ശക്തികേന്ദ്രങ്ങളായ മുർഷിദാബാദ്, മാൾഡ ജില്ലകളിൽ തൃണമൂലിനെ വളർത്തി. 2016ൽ നന്ദിഗ്രാമിൽ നിന്ന് ജയിച്ച് മന്ത്രിയായി.

കണക്കുകൂട്ടൽ

തെറ്റിച്ച നേതാവ്

 മമത മരുമകൻ അഭിഷേക് ബാനർജിയെ പാർട്ടിയിലെ രണ്ടാമനായി ഉയർത്തുന്നതിലെ നിരാശ സുവേന്ദുവിനുണ്ടായിരുന്നു

മുഖ്യമന്ത്രി പദം,​ ശാരാദാ ചിറ്റ് ഫണ്ട് അഴിമതിയടക്കമുള്ള കേസുകളിൽ നിന്നുള്ള മോചനം തുടങ്ങിയ ഓഫർ സ്വീകരിച്ച് സുവേന്ദു 2020ൽ ബി.ജെ.പിയിലേക്ക്

 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് മമതയും സുവേന്ദുവുമായുള്ള നേർക്കുനേർ പോരാട്ടമായിരുന്നു. സിറ്റിംഗ് സീറ്റായ ഭവാനിപ്പൂർ വിട്ട് സുവേന്ദുവിന്റെ തട്ടകമായ നന്ദിഗ്രാമിൽ മത്സരിച്ച് മമത തോറ്റു. തൃണമൂൽ അധികാരത്തിൽ തുടർന്നു. 77 സീറ്റുകളിൽ ബി.ജെ.പിയെ മുന്നിലെത്തിച്ചത് സുവേന്ദു

 55കാരനായ സുവേന്ദു അവിവാഹിതനാണ്

 പിതാവ് സിസിർ അധികാരി കാന്തിയിൽ നിന്നുള്ള ലോക്‌സഭാംഗവും ഒന്നാം യു.പി.എ സർക്കാരിൽ മന്ത്രിയും