സ്റ്റാലിന്റെ വൻ വീഴ്ച

Tuesday 05 May 2026 1:48 AM IST

ചെന്നൈ: ഭരണത്തുടർച്ചയ്ക്കായി എം.കെ.സ്റ്റാലിൻ നടത്തിയ രാപകൽ അദ്ധ്വാനം പാഴായി. സ്വന്തം മണ്ഡലമായ കൊളത്തൂർ പോലും കൈവിട്ടു. 2011 മുതൽ അദ്ദേഹം കൈയടക്കിവച്ചിരുന്ന സീറ്റാണ് കൊളത്തൂർ. 2021ൽ അണ്ണാ ഡി.എം.കെയുടെ ആദി രാജാറാമിനെതിരെ 70,384 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം കൊളത്തൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഇത്തവണ ടി.വി.കെയുടെ ജോയിന്റ് ജനറൽ സെക്രട്ടറി വി.എസ്.ബാബുവിന് മുന്നിൽ പരാജയം സമ്മതിക്കേണ്ടി വന്നു. 8795 വോട്ടിനാണ് പരാജയം.എതിരാളി എൻ.ഡി.എ ആണെന്ന് പ്രസംഗിച്ചിരുന്നുവെങ്കിലും ഡി.എം.കെ ഭയപ്പെട്ടിരുന്നത് ടി.വി.കെയെ ആയിരുന്നു. അതുകൊണ്ടു തന്നെ മുമ്പെങ്ങുമില്ലാത്ത വിധം പ്രവർത്തിക്കുകയായിരുന്നു സ്റ്റാലിൻ. പ്രചാരണത്തിന്റെ നാളുകളിൽ ദിവസവും രാവിലെ 73കാരനായ സ്റ്റാലിൻ തെരുവുകളിൽ നടക്കാനിറങ്ങി.