കൊല്ലപ്പെടാനല്ല വിവാഹംചെയ്തു കൊടുക്കുന്നത്:സുപ്രീംകോടതി സ്ത്രീധന പീഡനമരണം ഗുരുതര പ്രശ്നം

Wednesday 06 May 2026 1:08 AM IST

ന്യൂഡൽഹി: സ്ത്രീധനത്തിന്റെ പേരിൽ ഭ‌ർതൃവീട്ടിൽ കൊല്ലപ്പെടാനല്ല പെൺകുട്ടിയെ വിവാഹം കഴിച്ചയക്കുന്നതെന്ന് സുപ്രീംകോടതി. ഒരുപാട് സ്വപ്‌നങ്ങളുമായാണ് പെൺകുട്ടികൾ വിവാഹജീവിതത്തിലേക്ക് കടക്കുന്നത്. ഭർത്താവ് - ഭർതൃവീട്ടുകാർ എന്നിവരിൽ നിന്ന് സ്‌നേഹവും പരിഗണനയും അവർ ആഗ്രഹിക്കുന്നു. മികച്ച വിദ്യാഭ്യാസമുള്ള, സ്വതന്ത്രരായി ജീവിക്കാൻ പ്രാപ്‌തിയുള്ളവർ വരെ സ്ത്രീധനത്തിന്റെ പേരിൽ ദുരിതം അനുഭവിക്കുന്നു. വിവാഹത്തിന് മുൻപ് ഒന്നും വേണ്ടെന്ന് ഭർതൃവീട്ടുകാർ പറയും. എന്നാൽ അതിനുശേഷം സമ്മർദ്ദം തുടങ്ങും. മകളുടെ വിവാഹ ജീവിതം നിലനിൽക്കണമെങ്കിൽ ആവശ്യങ്ങൾ സാധിച്ചുകൊടുക്കുകയല്ലാതെ നിവൃത്തിയില്ലെന്ന അവസ്ഥയിലേക്ക് മാതാപിതാക്കളെ എത്തിക്കും.

'സ്ത്രീധനം വിവാഹത്തിന് വ്യവസ്ഥയാക്കുന്ന ഏതൊരു യുവാവും തന്റെ വിദ്യാഭ്യാസത്തെയും രാജ്യത്തെയും അപമാനിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്യുന്നു' എന്ന മഹാത്മാഗാന്ധിയുടെ വാക്കുകളും കോടതി പരാമർശിച്ചു.

മുന്നിൽ ഉത്തർപ്രദേശ്,

ബീഹാർ, കർണാടക

ഉത്തർപ്രദേശിലെ സ്ത്രീധന പീഡന മരണക്കേസിലെ പ്രതിയായ ഭർത്താവിന് അലഹബാദ് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കി കൊണ്ടാണ് സുപ്രീം കോടതിയുടെ പര‌ാമർശങ്ങൾ. കൊല്ലപ്പെട്ട യുവതിയുടെ പിതാവാണ് ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ഉത്തർപ്രദേശ്, ബീഹാർ, കർണാടക സംസ്ഥാനങ്ങളിലാണ് ഇത്തരം സംഭവങ്ങൾ രൂക്ഷമെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഉത്തർപ്രദേശിൽ ചെറിയ പ്രായത്തിൽ തന്നെ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുന്നു. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടിൽ ക്രൂരമർദ്ദനത്തിന് പലരും ഇരയാകുന്നു. ഒന്നുകിൽ പെൺകുട്ടിയെ ആത്മഹത്യയ്‌ക്ക് നി‌ർബന്ധിതയാക്കുന്ന തരത്തിൽ അപമാനിക്കും. അല്ലെങ്കിൽ കൊല്ലപ്പെടും എന്നതാണ് സാഹചര്യം.

2023ൽ 6156 മരണം

(കോടതിയിൽ ചൂണ്ടിക്കാട്ടിയത്)

#രാജ്യത്തെ ആകെ സ്ത്രീധന

പീഡന മരണങ്ങൾ ..................................... 6156

# ഉത്തർപ്രദേശ് ............................................ 2122

# ബീഹാർ......................................................... 1143