സ്റ്റാലിനെ തറപറ്റിച്ചു, പകവീട്ടി വി.എസ്. ബാബു

Wednesday 06 May 2026 1:15 AM IST

ചെന്നൈ: സ്വന്തം തട്ടകമായ കൊളത്തൂരിൽ 75,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ചുകയറുമെന്നായിരുന്നു എം.കെ. സ്റ്രാലിന്റെ പ്രതീക്ഷ. പക്ഷേ ലഭിച്ചത് 8,795 വോട്ടുകളുടെ ദയനീയ പരാജയം. സ്റ്റാലിനെ മലർത്തിയടിച്ച വി.എസ്.ബാബു ആരെന്നായിരുന്നു അതിനുശേഷം ലോകം തിരഞ്ഞത്.

സ്റ്റാലിനുമായി അടുത്ത ബന്ധമുണ്ടായിരുന്ന, ഡി.എം.കെയിൽ നിന്ന് രാഷ്ട്രീയം പയറ്റിത്തെളിഞ്ഞ ആളുതന്നെയാണ് വി.എസ്.ബാബു. 2006ൽ പുരസവാക്കം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. പക്ഷേ, സ്റ്റാലിനോട് ബാബുവിന് ഒരു പഴയ കണക്ക് ബാക്കിയുണ്ടായിരുന്നു. അതാണ് ഈ വിജയത്തോടെ തീർത്തത്.

ഡി.എം.കെയുടെ വടക്കൻ ചെന്നൈ ജില്ലാ സെക്രട്ടറിയായിരുന്ന ബാബുവിനു, 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിന്റെ ചുമതലകൂടിയുണ്ടായിരുന്നു. അന്ന് സ്റ്റാലിൻ ജയിച്ചത് വെറും 2,734 വോട്ടിന്റെ ഭൂരിപക്ഷത്തിനു. അത് ബാബുവിന്റെ കഴിവുകേടായി പാർട്ടി വിലയിരുത്തി.

ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് ബാബുവിനെ നീക്കി. അണ്ണാ ഡി.എം.കെയിൽ നിന്നെത്തിയ പി.കെ. ശേഖർബാബുവിനെ പകരം ‌ജില്ലാ സെക്രട്ടറിയാക്കി.

അപമാനിതനായ വി.എസ്. ബാബു, ഡി.എം.കെ വിട്ട് അണ്ണാ ഡി.എം.കെയിലെത്തി. അവിടെയും അർഹമായ പരിഗണന കിട്ടിയില്ല. അങ്ങനെയാണ് ഒടുവിൽ ‌ടി.വി.കെയിൽ ചേർന്നത്. സ്റ്റാലിനെ തറപ്പറ്റിക്കുകയെന്ന ലക്ഷ്യത്തോടെ കൊളത്തൂരിൽ തന്നെ മത്സരിക്കാമെന്ന് വിജയ്‌യെ അറിയിച്ചു. മണ്ഡലത്തിലെ ഡി.എം.കെയുടെ അടവുകൾ കൃത്യമായി അറിയാവുന്ന ബാബു കളം അറിഞ്ഞുകളിച്ചു. ആ അടവുകൾക്ക് മുന്നിൽ തമിഴ്നാട് മുഖ്യമന്ത്രിക്ക് അടിതെറ്രി. വിജയമുറപ്പിച്ചശേഷം സ്റ്റാലിൻ മുമ്പ് കാണിച്ചതു പോലെ ഫിനിഷ് ചെയ്യുമെന്ന ആംഗ്യം അനുകരിച്ച് ബാബു ആ റിവഞ്ച് ഫയൽ ക്ലോസ് ചെയ്തു.

വിജയത്തിനു കാരണം ദളപതിയാണ് (വിജയ്). ഇനി എല്ലാം ദളപതി പറയും പോലെ.

- വി.എസ്. ബാബു