തോൽവി സമ്മതിക്കാതെ.. വോട്ടെണ്ണലിലെ പ്രശ്നമെന്ന് മമത

Wednesday 06 May 2026 1:18 AM IST

ന്യൂഡൽഹി: 'ദുരൂഹം,​ കൃത്രിമം,​ഇത് ബംഗാളിന്റെ കറുത്ത ദിനം' - തോറ്റിട്ടില്ല എന്നാവർത്തിക്കുകയാണ് തൃണമൂൽ നേതാവ് മമതാ ബാനർജി. ബംഗാളിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ ഇലക്ട്രോണിക് യന്ത്രങ്ങളിൽ വ്യാപകമായി ക്രമക്കേട് നടന്നുവെന്നാണ് മമതയുടെ ആരോപണം.

തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് സ്വന്തം ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ നിയമിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ കൃത്രിമം കാണിച്ചത്. ഭവാനിപ്പൂരിൽ അഞ്ച് റൗണ്ടുകൾ ബാക്കി നിൽക്കെ 30,000 വോട്ടുകൾക്ക് മുന്നിലായിരുന്ന താൻ തോറ്റത് ദുരൂഹം. ബി.ജെ.പി സ്ഥാനാർത്ഥികളും 200 സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും 200 ഗുണ്ടകളും കൗണ്ടിംഗ് ഏജന്റുമാരെ ഓടിച്ചു. ഇതറിഞ്ഞെത്തിയ തന്നെ കേന്ദ്ര സേന തടഞ്ഞു. സാധാരണ നില പുനഃസ്ഥാപിക്കുന്നതുവരെ വോട്ടെണ്ണൽ നിറുത്തണമെന്ന ആവശ്യം കേട്ടില്ല.

വോട്ടെണ്ണലിന് ശേഷം ബി.ജെ.പി തങ്ങളുടെ ഓഫീസുകൾ അക്രമിച്ച് നശിപ്പിക്കുകയാണ്. കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനം പിടിച്ചെടുക്കാൻ ശ്രമിച്ചു. അഭിഷേക് ബാനർജിയുടെ ഓഫീസിന് നേരെ കല്ലെറിഞ്ഞു. അഞ്ച് എം.പിമാരടങ്ങിയ പത്തംഗ വസ്തുതാന്വേഷണ സമിതി ഈ പ്രദേശങ്ങൾ സന്ദർശിക്കും. കേന്ദ്രത്തിൽ അധികാരമില്ലാത്ത ഒരു കാലം വരുമെന്ന് ബി.ജെ.പി ഓർക്കണം. അന്ന് ബി.ജെ.പിയും ഇതേ സാഹചര്യം നേരിടേണ്ടിവരും. ചരിത്രം ആവർത്തിക്കും.

മോദിയും ഷായും

ഇടപെട്ടു

 തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇടപെട്ടു.

 എസ്.ഐ.ആർ വഴി 90 ലക്ഷം പേരുകൾ ഇല്ലാതാക്കി.

 കോടതി ഇടപെടൽ വഴി 32 ലക്ഷം പേരുകൾ മാത്രമാണ് പുനഃസ്ഥാപിക്കപ്പെട്ടത്.

 അവർ വൃത്തികെട്ട കളി കളിച്ചു.

ഇനി സ്വതന്ത്ര

പക്ഷി

താനിപ്പോൾ കസേരയില്ലാത്ത സാധാരണക്കാരിയാണ്. ജീവിതം മുഴുവൻ ജനങ്ങൾക്കുവേണ്ടി സമർപ്പിച്ചു. 15 വർഷത്തിനിടയിൽ പെൻഷനോ, ശമ്പളമോ കൈപ്പറ്റിയിട്ടില്ല. ഇനി സ്വതന്ത്ര പക്ഷിയായി കുറച്ച് ജോലി ചെയ്യാനുണ്ട്. 'ഇന്ത്യ'മുന്നണിയെ ശക്തിപ്പെടുത്തും. ബംഗാളിലെ തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് 'ഇന്ത്യാ' മുന്നണിയുടെ പിന്തുണ ഉറപ്പാണെന്നും മമത കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ആംആദ്‌മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർ.ജെ.ഡി തേജസ്വി യാദവ്, ജെ.എം.എം നേതാവ് ഹേമന്ത് സോറൻ എന്നിവർ വിളിച്ചെന്നും മമത അറിയിച്ചു. അഖിലേഷ് യാദവ് ഇന്ന് കൊൽക്കത്തയിൽ എത്തും.