രജനിയും കളത്തിൽ

Friday 08 May 2026 1:02 AM IST

ചെന്നൈ: തമിഴ്നാട് സർക്കാർ രൂപീകരണം പ്രതിസന്ധിയിലായിരിക്കേ നിർണായക നീക്കങ്ങൾക്കായി കളത്തിലിറങ്ങി രജനികാന്തും മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും. ബുധനാഴ്ച സ്റ്റാലിന്റെ വീട്ടിലെത്തി തിരഞ്ഞെടുപ്പ് തോൽവിയിൽ ആശ്വസിപ്പിച്ച രജനി, ഇന്നലേയും സജീവമായി. ഇന്നലെ ഉച്ചയോടെ മുതിർന്ന ഡി. എം.കെ നേതാവ് മുൻ മന്ത്രി ഇ.വി.വേലു പോയസ് ഗാർഡനിലെ വീട്ടിലെത്തി രജനിയെ കണ്ടു. സ്റ്റാലിന്റെ വ്യക്തമായ സന്ദേശവുമായാണോ എത്തിതെന്നാണ് അറിയാനുള്ളത്. തിരഞ്ഞെടുപ്പ് സമയത്ത് വിജയ്‌യെ രജനി പരോക്ഷമായി എതിർത്തിരുന്നു. അതിനിടെ മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഗവർണറെ കാണാൻ തീരുമാനിച്ചതും അഭ്യൂഹങ്ങൾ വർദ്ധിപ്പിച്ചിരുന്നു. വൈകിട്ട് ഗവർണറെ കാണുമെന്നാണ് എടപ്പാടി ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റി. റിസോർട്ടിലുള്ള എം.എൽ.എമാരെ കാണാൻ പോയി.

അതേസമയം സ്റ്റാലിന്റെ തോൽവിയിൽ ഇ.പി.എസ് നിരാശനാണെന്നാണ് അണ്ണാ ഡി.എം.കെ വ്യക്തമാക്കുന്നത്. ഇക്കാര്യം പരസ്യമാക്കി എം.എൽ.എ അൻപഴകൻ രംഗത്തെത്തുകയും ചെയ്തു. ഇത്രയും വലിയ നേതാവ് എങ്ങനെ തോൽക്കുമെന്ന് ഇ പി എസ് ചോദിച്ചു. ഇങ്ങനെയൊന്നും സംഭവിക്കരുത് എന്ന് ഇ.പി.എസ് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.