പാക് ഭീകരാക്രമണ നീക്കം പൊളിച്ചു; 9 ഭീകരർ അറസ്റ്റിൽ,​ ലക്ഷ്യം സ്ഫോടന പരമ്പര

Sunday 31 May 2026 4:33 AM IST

 പാക് സേനാ ഗ്രനേഡുകളടക്കം പിടിച്ചു

 ദാവൂദ് സംഘത്തിന്റെ ഒത്താശ

ന്യൂഡൽഹി: ഡൽഹിയിലെ സൈനിക മേഖലകളിലും രാജ്യത്തെ തന്ത്രപ്രധാന സ്ഥാപനങ്ങളിലുമടക്കം സ്ഫോടന പരമ്പരയ്ക്കുള്ള പാക് ഭീകരപദ്ധതി സുരക്ഷാ ഏജൻസികൾ തകർത്തു. ഭീകര മൊഡ്യൂളിലെ 9 പേരെ ഡൽഹി പൊലീസിലെ സ്‌പെഷ്യൽ സെൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തു.

സെമി ഓട്ടോമാറ്റിക് പിസ്റ്റളായ ഗ്ലോക്ക്,​ 25 വെടിയുണ്ടകൾ,​ പാക് സർക്കാരിന്റെ ഓർഡൻസ് ഫാക്‌ടറിയിൽ നിർമ്മിച്ച നാല് ഗ്രനേഡുകൾ എന്നിവ കണ്ടെടുത്തു. പാക് ചാരസംഘടനയായ ഐ.എസ്.ഐയും അധോലോക നായകൻ ദാവൂദ് ഇബ്രാഹിമും ആസൂത്രണത്തിൽ പങ്കാളികളാണ്. ഗ്രനേഡുകൾ എൻ.എസ്.ജിയുടെ സഹായത്തോടെ ഡൽഹി മെഹ്‌റോളിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് നശിപ്പിച്ചു.

എയർപോർട്ടുകളും റെയിൽവേ സ്റ്റേഷനുകളും സ്റ്റോക്ക് എക്സ്ചേഞ്ചും ഉൾപ്പെടെ അക്രമിക്കാനായിരുന്നു പദ്ധതി. വൈദ്യുത നിലയങ്ങളും പാലങ്ങളും വ്യാപാരകേന്ദ്രങ്ങളും ഉന്നമിട്ടിരുന്നു.

മുംബയിൽ നിന്ന് തൗഖീർ,​ അർബാസ്, പൂനയിൽ നിന്ന് അധോലോക സംഘാംഗം വിജയ് ഷൂട്ടർ, ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽ നിന്ന് നിതിഷ് പാസ്വാൻ, ഡൽഹിയിൽ നിന്ന് ഹ‌ർവീന്ദർ, മഞ്ജിത്, പഞ്ചാബിൽ നിന്നുള്ള രണ്ടുപേർ എന്നിവരാണ് അറസ്റ്റിലായത്. 66 കാരനായ നേപ്പാൾ സ്വദേശിയും കസ്റ്റഡിയിലുണ്ട്. ഫണ്ട് കൈമാറാനെത്തിയ ഇയാൾ ഡൽഹിയിൽ പിടിയിലാകുകയായിരുന്നു.

മൊഡ്യൂളിൽ കൂടുതൽ പേരുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ അന്വേഷണവും തിരച്ചിലും ഊർജ്ജിതമാക്കി. ഡൽഹിയിലെ അടക്കം സുരക്ഷ വർദ്ധിപ്പിച്ചു.

ആസൂത്രണം,​ നിർദ്ദേശം

പാകിസ്ഥാനിലിരുന്ന് എവിടെ,എങ്ങനെ ആക്രമണം നടത്തണമെന്ന് ഭീകരർക്ക് നിർദ്ദേശം വന്നിരുന്നത് പാകിസ്ഥാനിൽ നിന്നാണ്. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐ, ദാവൂദ് ഇബ്രാഹിമിന്റെ അധോലോക ശൃംഖല, പാകിസ്ഥാനിലെ ഗുണ്ടാനേതാവ് ഷഹ്സാദ് ഭാട്ടി തുടങ്ങിയവരുടെ പിന്തുണയുമുണ്ട്. ദാവൂദിന്റെ കൂട്ടാളിയായ മുന്ന ജിൻഘ്രയുമായി അറസ്റ്റിലായവർക്ക് ബന്ധമുണ്ടെന്ന് ഡൽഹി പൊലീസ് കണ്ടെത്തി. ഇന്ത്യക്കാരനായ മുന്ന പാകിസ്ഥാനിലിരുന്നാണ് ഭീകരപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. സയിദ് മുദസർ ഹുസൈൻ എന്നറിയപ്പെടുന്ന ഭീകരൻ ഇയാളാണെന്നാണ് സംശയം.

ഉന്നമിട്ട പ്രധാന മേഖലകൾ

1 ഡൽഹിയിലെയും മുംബയിലെയും അടക്കം തന്ത്രപ്രധാനമേഖലകൾ

3 നഗരങ്ങളിലെ പ്രധാന സർക്കാർ കെട്ടിടങ്ങൾ,​തിരക്കേറിയ സ്ഥലങ്ങൾ

3 സുരക്ഷാ ഉദ്യോഗസ്ഥരെ കൂടുതൽ വിന്യസിക്കുന്ന മേഖലകൾ

ഗ്ലോക്ക് പിസ്റ്റൾ

ഓസ്ട്രിയൻ കമ്പനിയായ ഗ്ലോക്ക് നിർമ്മിക്കുന്ന ലൈറ്ര് വെയ്റ്റ് പിസ്റ്റൾ. കൃത്യതയ്‌ക്ക് പേരുകേട്ട ബ്രാൻഡാണിത്. സോളിഡ് സ്റ്റീലിന് പകരം കരുത്തുറ്റ പോളി‌മർ ഉപയോഗിച്ചാണ് തോക്കിന്റെ ചട്ടക്കൂട് നിർമ്മിച്ചിരിക്കുന്നത്.