ദളിത് പ്രാതിനിദ്ധ്യം ഉറപ്പാക്കി ഡി.കെ മന്ത്രിസഭ
ഉപമുഖ്യമന്ത്രിമാർ പിന്നാക്കക്കാർ
ന്യൂഡൽഹി: ദളിത്, ഒ.ബി.സി,ന്യൂനപക്ഷങ്ങൾ, യുവജനങ്ങൾ, സ്ത്രീകൾ എന്നീ വിഭാഗങ്ങളിലുള്ളവർക്ക് പ്രാതിനിദ്ധ്യം ഉറപ്പാക്കിയാണ് കർണാടകയിൽ പുതിയ സർക്കാർ ബുധനാഴ്ച അധികാരമേൽക്കുക. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ പ്രത്യേക നിർദ്ദേശം നൽകിയെന്നാണ് സൂചന. ഒ.ബി.സി മുഖമായിരുന്ന സിദ്ധരാമയ്യയെ മാറ്റുമ്പോൾ പിന്നാക്ക വിഭാഗത്തെ തഴഞ്ഞുവെന്ന വികാരമുണ്ടാകാതിരിക്കാനാണ് മുൻകരുതൽ. ദളിത് - ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള രണ്ടുപേർ ഉപമുഖ്യമന്ത്രിമാരായേക്കും. 2028ലാണ് കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. അതുകൂടി മുമ്പിൽ കണ്ടാണ് തീരുമാനം. ബുധനാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമാക്കി നടത്താനാണ് തീരുമാനം. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം എല്ലാ ജില്ലയിലും ശിവകുമാർ നേരിട്ടെത്തും. ആരും ചടങ്ങിൽ പങ്കെടുക്കാൻ ബംഗളൂരുവിലേക്ക് എത്തേണ്ടതില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സൗകര്യവും പരിഗണിച്ചിട്ടുണ്ട്.
ജ്യോതിഷി കുറിച്ച സമയം
ബുധനാഴ്ച വൈകിട്ട് 4.10ന് ലോക്‌ഭവനിലെ ഗ്ലാസ് ഹൗസിലായിരിക്കും സത്യപ്രതിജ്ഞാചടങ്ങെന്ന് കർണാടക പി.സി.സി വർക്കിംഗ് പ്രസിഡന്റ് ജി.സി. ചന്ദ്രശേഖറാണ് ഇന്നലെ അറിയിച്ചത്. ജ്യോതിഷിയായ ബേലൂർ ദ്വാരകനാഥാണ് തീയതിയും സമയവും കുറിച്ചുനൽകിയതെന്നാണ് വിവരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കോൺഗ്രസ് പ്രവർത്തകരെ ബസുകളിലെത്തിച്ച് വലിയ പരിപാടിയാക്കണമെന്ന് ആലോചിച്ചിരുന്നു. എന്നാൽ ഇന്ധന പ്രതിസന്ധി, ഗതാഗത കുരുക്ക് തുടങ്ങിയവ കണക്കിലെടുത്ത് ലളിതമായ ചടങ്ങായി നടത്തും.