'ടിവികെയുടെ വിജയത്തിന് പിന്നില്‍ വിജയ്‌യുടെ ആ തന്ത്രം': തുറന്നുപറഞ്ഞ് എംകെ സ്റ്റാലിൻ

Monday 18 May 2026 2:29 PM IST

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ വി‌ജയത്തിന് പിന്നിൽ സോഷ്യൽ മീഡിയയും കുട്ടികളുമാണെന്ന് മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെയും കുട്ടികളെയും ഉപയോഗിച്ച് നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണം വോട്ടർമാരെ സ്വാധീനിക്കുമെന്ന് മുൻകൂട്ടി തിരിച്ചറിയുന്നതിൽ ഡിഎംകെ പരാജയപ്പെട്ടെന്നും സ്റ്റാലിൻ പറഞ്ഞു.

'ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചുകൊണ്ടുള്ള കുട്ടികളുടെ പ്രചാരണങ്ങൾ അമ്മമാരെയും മുത്തശ്ശിമാരെയും കാര്യമായി സ്വാധീനിക്കുകയുണ്ടായി. സോഷ്യൽമീഡിയയെ മുഖവിലക്കെടുത്തുകൊണ്ടുള്ള ഈ പ്രചാരണം തിരിച്ചറിയുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റി'- ഡിഎംകെ അദ്ധ്യക്ഷൻ പറഞ്ഞു. ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കുന്നതിനുള്ള തന്ത്രങ്ങൾ പാർട്ടി ആവിഷ്കരിക്കുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.അധികാരത്തിലേറാൻ സാധിച്ചില്ലെങ്കിലും തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി ഡിഎംകെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിഎംകെ സർക്കാർ തുടങ്ങിവച്ച ക്ഷേമപദ്ധതികളിൽ പലതും ടിവികെ സർക്കാർ നിലനിർത്തിയിട്ടുണ്ട്. ഇത് പാർട്ടിയുടെ നയങ്ങൾ ഇപ്പോഴും സംസ്ഥാന ഭരണത്തിൽ അനിവാര്യമാണ് എന്നതിന്റെ തെളിവാണിതെന്നും സ്റ്റാലിൻ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള പ്രവർത്തനങ്ങൾക്ക് ഡിഎംകെ തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയിലെ തിരഞ്ഞെടുപ്പുകളിൽ പാർട്ടി ജാഗ്രത പാലിക്കുമെന്നും വോട്ടർമാരിലേക്ക് ഫലപ്രദമായ രീതിയിൽ എത്താൻ സാധിക്കുന്ന സോഷ്യൽമീഡിയ സാങ്കേതിക രീതികൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പ്രചാരണപദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.