പ്രവാസികൾ ജാഗരൂകരാകണം; ഓറോഗ്രാഫിക് ഇഫക്‌ട് തടയപ്പെടുന്നു, പുറത്തിറങ്ങുമ്പോൾ ശ്രദ്ധവേണം

Wednesday 03 June 2026 11:48 AM IST

അബുദാബി: മുൻ വർഷങ്ങളേക്കാൾ യുഎഇയിൽ ഇക്കൊല്ലം വേനൽ ചൂട് അധികഠിനമാകുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ വർഷം രാജ്യം പതിവിലും നേരത്തെ വേനൽക്കാലത്തെ വരവേൽക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വിദഗ്ദ്ധൻ ഡോ. അഹ്മദ് ഹബീബ് വ്യക്തമാക്കി.

'രാജ്യം എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തിലാണിപ്പോൾ. ഉയർന്ന താപനിലയാണ് ഇതിന്റെ പ്രത്യേകതകളിലൊന്ന്. യുഎഇയ്ക്ക് മുകളിലൂടെ ചൂടുള്ള വായുപിണ്ഡം സഞ്ചരിക്കുകയാണെങ്കിൽ ചൂട് വീണ്ടും വർദ്ധിക്കും. ജൂൺ 21നാണ് വേനൽക്കാലം ആരംഭിക്കുന്നത്. പക്ഷേ രാജ്യത്ത് നേരത്തെത്തന്നെ വേനലിന് സമാനമായ മാറ്റങ്ങളുണ്ടാവും. ഇത് അപൂർവമായ പ്രതിഭാസമല്ല. വേനൽക്കാലത്ത് രേഖപ്പെടുത്താറുള്ള താപനിലയാണ് നിലവിലുള്ളത്. അതിനാൽതന്നെ യുഎഇ നേരത്തെതന്നെ വേനൽകാലത്തേയ്ക്ക് കടക്കുകയാണ്. വേനൽക്കാലത്തിന്റെ തുടക്കത്തിന്റെ പ്രവചന സൂചനയാണിത്'- ഡോ. അഹ്മദ് ഹബീബ് ചൂണ്ടിക്കാട്ടി.

'നിലവിൽ രാജ്യം ഇന്ത്യൻ മൺസൂൺ സംവിധാനത്തിന്റെ സ്വാധീനത്തിലാണ്. ഈ സംവിധാനവുമായി ബന്ധപ്പെട്ട ഒരു താപ ന്യൂനമർദ്ദം യുഎഇയുടെ തെക്കൻ ഭാഗങ്ങളിലേയ്ക്ക് ചൂടുള്ള വായുപിണ്ഡങ്ങളെ തള്ളിവിടുകയാണ്. ഇത് പകൽ താപനില കുത്തനെ ഉയരാൻ കാരണമാകുന്നു. അതിനാലാണ് താപനില 48 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തുന്നത്'- ഹബീബ് കൂട്ടിച്ചേർത്തു.

സീസൺ പാറ്റേണുകൾ മാറുന്നുണ്ടെങ്കിലും യുഎഇയിൽ മഴയ്ക്കുള്ള സൂചന നിലവിലില്ല. സാധാരണയായി ഒമാൻ കടലിൽ നിന്നുള്ള ഈർപ്പം പർവതങ്ങൾക്ക് മുകളിലൂടെ ഉയരുകയും ഓറോഗ്രാഫിക് സ്വാധീനം (വായു ഭൂപ്രകൃതിക്ക് മുകളിലൂടെ മുകളിലേക്ക് നീങ്ങുമ്പോൾ മേഘങ്ങളും മഴയും രൂപപ്പെടുന്ന പ്രതിഭാസം) വഴി മേഘങ്ങളുടെ വികാസത്തിന് കാരണമാകുകയും ചെയ്യുന്നു. എന്നാൽ നിലവിലെ കാറ്റിന്റെ സ്വാധീനം ഈ പ്രതിഭാസത്തെ തടയുകയാണെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.