ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി ജീവിച്ചിരിപ്പുണ്ടോ? വെളിപ്പെടുത്തലുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി

Wednesday 03 June 2026 11:02 AM IST

വാഷിംഗ്‌ടൺ: ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാക്കി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഫെബ്രുവരി 28ലെ ആക്രമണത്തിൽ പരിക്കേറ്റ മൊജ്തബ ഖമനേയി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ ഭരണപരമായ തീരുമാനങ്ങളിൽ ഇപ്പോഴും അദ്ദേഹം സജീവമാണെന്നും മാർക്കോ റൂബിയോ പറഞ്ഞു.

വിദേശകാര്യ സമിതിയ്ക്ക് മുൻപാകെ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ മൊജ്തബ ഖമനേയിക്ക് പരിക്കേറ്റിരുന്നു. ഈ ആക്രമണത്തിലാണ് അദ്ദേഹത്തിന്റെ പിതാവും പരമോന്നത നേതാവുമായിരുന്ന ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്.

ആയത്തുള്ള അലി ഖമനേയിയുടെ മരണത്തിന് പിന്നാലെയാണ് മൊജ്തബയെ ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുത്തത്. ആക്രമണത്തിൽ പരിക്കേറ്റ മൊജ്തബ ഖമനേയിയുടെ ആരോഗ്യനിലയെക്കുറിച്ച് ഇതിനിടെ പല റിപ്പോ‌ർട്ടുകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ.

അതേസമയം, ഫോറിൻ റിലേഷൻസ് കമ്മിറ്റിക്ക് മുൻപാകെ സംസാരിക്കുന്നതിനിടെ ഇറാനുമായുള്ള സമാധാനക്കരാറിനെക്കുറിച്ചും മാർക്കോ റൂബിയോ പ്രതികരിച്ചു. കരാർ ഇന്നോ നാളെയോ അല്ലെങ്കിൽ അടുത്തയാഴ്ചയോ സംഭവിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.