ട്രെയിൻ തട്ടിയെടുക്കൽ: 190 പേരെ മോചിപ്പിച്ചു ബന്ദികൾക്കിടയിൽ ചാവേർ പട
ഇസ്ലാമാബാദ്: ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ) തട്ടിയെടുത്ത ട്രെയിനിലെ 190 ബന്ദികളെ മോചിപ്പിച്ചെന്ന് പാകിസ്ഥാൻ. സൈന്യം വ്യോമാക്രമണമടക്കം നടത്തിയാണ് ബന്ദികളെ രക്ഷിച്ചത്. ഇവരെ മാച്ചിലെ താത്കാലിക ആശുപത്രിയിലേക്ക് മാറ്റി. ഇനി എത്ര ബന്ദികളുണ്ടെന്ന് വ്യക്തമല്ലെന്നും സൈന്യം "പൂർണ തോതിലുള്ള" ഓപ്പറേഷൻ ആരംഭിച്ചെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏറ്റുമുട്ടലിനിടെ 30 സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചെന്നും പാക് തടവറകളിലുള്ള ബലൂച് രാഷ്ട്രീയത്തടവുകാരെ 24 മണിക്കൂറിനുള്ളിൽ മോചിപ്പിച്ചാൽ ബന്ദികളെ വിട്ടയക്കാമെന്നും ബി.എൽ.എ വക്താവ് ഇന്നലെ പറഞ്ഞു.
അതേസമയം,സൈന്യത്തിന് വെല്ലവിളിയുർത്തി മുപ്പതോളം ബന്ദികൾക്കിടയിൽ ബോംബുമായി ചാവേർ പട നിലയുറപ്പിച്ചു. സൈന്യം ബോഗിയിലേക്ക് കടന്നാൽ സ്ഫോടനം നടത്തുമെന്നാണ് ഭീഷണി. വിദൂര മേഖലയിൽ പാകിസ്ഥാൻ സൈന്യം ഹെലികോപ്റ്ററുകളുടെ പിന്തുണയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് സർക്കാർ വക്താവ് ഷാഹിദ് റിൻഡ് പറഞ്ഞു. അതിനിടെ, ചില ഭീകരർ പലായനം ചെയ്തതായും അജ്ഞാതരായ നിരവധി പേരെ ബന്ദികളാക്കി പ്രാദേശിക പർവതപ്രദേശങ്ങളിലേക്ക് കടന്നതായും റിപ്പോർട്ടുണ്ട്. അതിനിടെ ട്രെയിൻ ഭീകകർ ആക്രമിക്കുന്ന വീഡിയോകൾ പുറത്തുവന്നു.
സ്വതന്ത്ര ബലൂചിസ്ഥാനുവേണ്ടി പോരാടുന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ) ചൊവ്വാഴ്ചയാണ് പാകിസ്ഥാനിൽ ട്രെയിൻ തട്ടിയെടുത്ത് 450 ലധികം ആളുകളെ ബന്ദികളാക്കിയത്. ഒമ്പത് ബോഗികളിലായി സൈനികരും പൊലീസുകാരും ചാരസംഘടനയായ ഐ.എസ്.ഐയിലെ അംഗങ്ങളുമായിരുന്നു ബന്ദികളുടെ കൂട്ടത്തിലുണ്ടായിരുന്നത്. ഇതിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ കഴിഞ്ഞ ദിവസം തന്നെ വിട്ടയിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ 9ന് ബലൂചിസ്ഥാനിലെ ക്വെറ്റയിൽ നിന്ന് ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസാണ് തട്ടിയെടുത്തത്. ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബോലനിലെ മുഷ്ഖാഫ് മേഖലയിലായിരുന്നു സംഭവം. പർവതങ്ങളാൽ ചുറ്റപ്പെട്ട മേഖലയിൽ ട്രെയിൻ തുരങ്കത്തിന് സമീപം എത്തിയപ്പോഴാണ് ആക്രമിച്ചത്. ട്രെയിൻ ഇവിടെ പിടിച്ചിട്ടിരിക്കുകയാണ്. സേനാംഗങ്ങൾ അവധിക്ക് നാട്ടിൽ പോകുന്ന ട്രെയിൻ പ്രക്ഷോഭകാരികൾ ഉന്നംവയ്ക്കുകയായിരുന്നു. പ്രദേശത്ത് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
മറുപടി നൽകും:
ഷെഹ്ബാസ്
ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ആക്രമണത്തെ അപലപിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അവരുടെ ആവശ്യങ്ങൾ ഇതുവരെ അംഗീകരിച്ചില്ല. ബന്ദികളെ ഉടൻ മോചിപ്പിക്കുമെന്നും ബി.എൽ.എ തക്കതായ മറുപടി നൽകുമെന്നും പറഞ്ഞു. ആക്രമണത്തെ ശക്തമായി അപലപിച്ച ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി, നിരപരാധികളായ യാത്രക്കാരെ ലക്ഷ്യമിട്ട ഭീകരരെ "മൃഗങ്ങൾ" എന്ന് വിളിച്ചു. അതിനിടെ, ബലൂചിസ്ഥാൻ സർക്കാർ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനായി അടിയന്തര നടപടികൾ നടപ്പാക്കി. പാക് സർക്കാർ തടവിലാക്കപ്പെട്ട ഭീകരരെ വിട്ടയക്കാൻ സമ്മതിച്ചാൽ യാത്രക്കാരെ മോചിപ്പിക്കണമെന്നാണ് ബി.എൽ.എയുടെ ആവശ്യം.
വീഡിയോ പുറത്ത്
ട്രെയിൻ തട്ടിയെടുത്തതിന്റെ വീഡിയോ പുറത്ത് വിട്ട് ബി.എൽ.എ. ട്രെയിൻ പോകുമ്പോൾ ട്രാക്കിൽ സ്ഫോടനം നടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ഒളിഞ്ഞിരുന്ന ബി.എൽ.എ സായുധസംഘം ട്രെയിനിനടുത്ത് എത്തുകയും യാത്രക്കാരെ പുറത്തിറക്കി ബന്ദികളാക്കുന്നതും ദൃശ്യങ്ങളിലുണ്ട്. റോഡോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത മലയിടുക്കാണ് ആക്രമണത്തിനായി തിരഞ്ഞെടുത്തത്. സൈനികർക്കോ മറ്റു സുരക്ഷാ ഉദ്യോഗസ്ഥർക്കോ പെട്ടെന്നു എത്തിച്ചേരാൻ പറ്റാത്ത സ്ഥലമാണിത്. ട്രെയിൻ തട്ടിയെടുക്കലിന്റെ വീഡിയോ കൂടാതെ ചൈനയ്ക്കും പാക്കിസ്ഥാനും മുന്നറിയിപ്പായി മറ്റൊരു വീഡിയോയും ബി.എൽ.എ പുറത്തുവിട്ടിട്ടുണ്ട്. ബലൂചിസ്ഥാൻ ബലൂചികളുടെ സ്വന്തമാണെന്നും അവിടെ അനധികൃതമായി കയറിയാൽ തിരിച്ചടിക്കുമെന്നാണ് വീഡിയോയിൽ പറയുന്നത്.