വെടിനിറുത്തൽ: ട്രംപിന് നന്ദി പറഞ്ഞ് സെലെൻസ്കി

Thursday 13 March 2025 12:53 AM IST

കീവ്: യു.എസിന് നന്ദി അറിയിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. യു.എസ് ആവിഷ്കരിച്ച 30 ദിവസത്തെ താത്കാലിക വെടിനിറുത്തൽ യുക്രെയിൻ അംഗീകരിച്ചതിന് പിന്നാലെയാണിത്. വെടിനിറുത്തൽ അംഗീകരിക്കാൻ യു.എസ് റഷ്യയെ പ്രേരിപ്പിക്കണമെന്ന് സെലെൻസ്കി പറഞ്ഞു. യുക്രെയ്ൻ ഈ നിർദ്ദേശത്തെ സ്വാഗതം ചെയ്യുന്നു. വെടിനിറുത്തലിനു ഞങ്ങൾ തയാറാണ്. ഇതിന് സന്നദ്ധമാകാൻ അമേരിക്ക റഷ്യയെ പ്രേരിപ്പിക്കണം. റഷ്യ സമ്മതിക്കുകയാണെങ്കിൽ ആ നിമിഷം വെടിനിറുത്തൽ പ്രാബല്യത്തിൽ വരും. അമേരിക്കൻ പക്ഷം ഞങ്ങളുടെ വാദങ്ങളും നിർദ്ദേശങ്ങളും മനസിലാക്കുന്നു. ഡോണാൾഡ് ട്രംപിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു’’-സെലെൻസ്കി പറഞ്ഞു. അതേസമയം, വെടിനിറുത്തലിനുള്ള കരാരിനെ കുറിച്ച് കൂടുതൽ പഠിക്കാനുണ്ടെന്ന് റഷ്യ ഇന്നലെ വ്യക്തമാക്കി. റഷ്യ വെടുനിറുത്തലിന് പച്ചകൊടി കാണിച്ചാൽ തങ്ങളെ കൊണ്ട് കഴിയുന്ന എല്ലാ സഹായങ്ങളും നൽകാമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.

സൗദി അറേബ്യയിൽ നേരത്തെ നടന്ന ചർച്ചകൾ വെടിനിറുത്തലിനുള്ള പ്രാരംഭ നടപടികൾക്ക് വഴിയൊരുക്കിയതായി ഒരു മുതിർന്ന യുക്രെയ്ൻ ഉദ്യേഗസ്ഥൻ വാർത്താ ഏജൻസികളോട് പറഞ്ഞു. റഷ്യ വെടിനിറുത്തലിനു തയാറാകുമോയെന്നാണ് ഞങ്ങൾക്ക് അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സൗദിയിൽ യു.എസ് നയതന്ത്ര പ്രതിനിധികളുമായി നടന്ന ചർച്ചയിലാണ് യുക്രെയ്ൻ വെടിനിറുത്തലിന് സന്നദ്ധത അറിയിച്ചത്.

മൂന്ന് വർഷമായി തുടരുന്ന റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള വഴിയാണ് ഈ വെടിനിറുത്തൽ പ്രാബല്യത്തിൽ വരുന്നതോടെ ഉണ്ടായിരിക്കുന്നത്. വെടിനിറുത്തലിനിടെ യുക്രെയിനിലെ സ്ഥിര സമാധാനത്തിനായി ഇരുപക്ഷത്തിനും ചർച്ചകൾ നടത്താമെന്നും യു.എസ് നിർദ്ദേശത്തിൽ പറയുന്നു. ഇതിനിടെ, യുക്രെയിനുള്ള ഇന്റലിജൻസ് പിന്തുണയും സുരക്ഷാ സഹായങ്ങളും നിറുത്തിവച്ച തീരുമാനം പിൻവലിക്കുകയാണെന്ന് യു.എസ് പ്രഖ്യാപിച്ചു.