ലെബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ
ബെയ്‌റൂത്ത്: ഹിസ്ബുള്ളയുമായി നിലനിൽക്കുന്ന വെടിനിറുത്തൽ കരാർ ലംഘിച്ച് തെക്കൻ ലെബനനിൽ ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കുന്നു.ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾക്ക് പുറത്തുള്ള ഗ്രാമവാസികളോട് ഉടൻ പ്രദേശംവിടാൻ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് ഉത്തരവുനൽകി. നബതിഹ് ജില്ലയിലെ ലിതാനി നദിക്ക് വടക്കുള്ള ഗ്രാമങ്ങളിലെ ജനങ്ങളോടാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ സൈന്യം ആവശ്യപ്പെട്ടത്. ഇസ്രയേൽ സൈനിക വക്താവാണ് കഴിഞ്ഞദിവസം എക്സിലൂടെ മുന്നറിയിപ്പ് നൽകിയത്.പിന്നാലെ തെക്കൻ ലെബനനിൽ വ്യോമാക്രമണം നടത്തി.ഒഴിപ്പിക്കൽ ഉത്തരവിൽ ഉൾപ്പെടാത്ത ഗ്രാമങ്ങളിലും ആക്രമണം നടന്നതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ലിതാനി നദിക്ക് വടക്ക് ഭാഗത്തുള്ള ഭീഷണികളും ഇല്ലാതാക്കുമെന്ന് ഇസ്രയേൽ സൈനിക മേധാവി ഇയാൽ സമീർ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.ഇസ്രയേൽ സൈന്യം വെടിനിർത്തൽ പൂർണമായി നടപ്പാക്കിയാൽ മാത്രമേ നേരിട്ടുള്ള സമാധാന ചർച്ചകൾക്ക് തയ്യാറാവുകയുള്ളൂ എന്ന് ലെബനാൻ പ്രസിഡന്റ് ജോസഫ് ഔൺ വ്യക്തമാക്കിയിട്ടുണ്ട്.