എബോള ഭീതിയിൽ ആഫ്രിക്ക

Monday 18 May 2026 7:37 AM IST

 88 മരണം  ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കിൻഷസ: ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് ദ കോംഗോയിലെയും (ഡി.ആർ കോംഗോ) ഉഗാണ്ടയിലെയും എബോള രോഗ വ്യാപനത്തെ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു.

ഏപ്രിൽ പകുതിയോടെ കിഴക്കൻ കോംഗോയിലെ ഇട്ടൂരി പ്രവിശ്യയിൽ തുടങ്ങിയ വൈറസ് വ്യാപനം ഈ മാസം 15നാണ് എബോളയാണെന്ന് സ്ഥിരീകരിച്ചത്. അയൽ രാജ്യമായ ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലേക്കും രോഗം വ്യാപിച്ചു. ഇതുവരെ 336 പേർക്കാണ് ബാധിച്ചത്. 88 പേർ മരിച്ചു. കൂടുതൽ വ്യാപനമുണ്ടാകാമെന്നാണ് റിപ്പോർട്ട്.

അപൂർവ്വവും തീവ്രതയേറിയതുമായ 'ബൂൻഡിബൂഗ്യോ" എന്ന വകഭേദമാണ് പടരുന്നത്. ഇതിന് വാക്സിനുകളോ പ്രത്യേക ചികിത്സയോ റാപ്പിഡ് ടെസ്റ്റുകളോ ലഭ്യമല്ല. സൈർ എബോള വകഭേദത്തിനുള്ള ചികിത്സയും വാക്സിനുമാണ് നിലവിലുള്ളത്. അതേ സമയം, കോംഗോയുടെയും ഉഗാണ്ടയുടെയും സമീപ രാജ്യങ്ങൾ അതിർത്തികളിൽ പരിശോധന കർശനമാക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ നിർദ്ദേശിച്ചു.

# പിടിവിടാതെ

വ്യാപനം

 കോംഗോയിൽ എബോള വ്യാപനം ഇത് 17 -ാം തവണ. അവസാന വ്യാപനം കഴിഞ്ഞ വർഷം

 2018-20 കാലയളവിലെ വ്യാപനത്തിൽ 2,000ത്തിലേറെ പേർ മരിച്ചു

 1976ൽ കോംഗോയിലെ എബോള നദിയ്ക്ക് സമീപമാണ് വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. പഴംതീനി വവ്വാലുകൾ ഉത്ഭവ കേന്ദ്രങ്ങൾ. മരണനിരക്ക് കൂടുതൽ

 കടുത്ത പനി,​ ക്ഷീണം,​ പേശീ വേദന,​ തലവേദന,​ തൊണ്ടവേദന,​ ഛർദ്ദി,​ വയറിളക്കം തുടങ്ങിയവ ലക്ഷണങ്ങൾ. രോഗം മൂർച്ചിക്കുന്നത് വൃക്കയുടെയും കരളിന്റെയും പ്രവർത്തനം തകരാറിലാക്കും. ആന്തരിക രക്തസ്രാവത്തിന് ഇടയാക്കും