രാജ്നാഥ് സിംഗ് വിയറ്റ്നാമിൽ : 63 കോടി ഡോളറിന്റെ ബ്രഹ്‌മോസ് കരാറും ചർച്ചയാകും

Tuesday 19 May 2026 7:35 AM IST

ന്യൂഡൽഹി: രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ വിയറ്റ്നാമിലെത്തി. ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ബ്രഹ്‌മോസ് മിസൈൽ വാങ്ങാൻ വിയറ്റ്നാം താത്പര്യം പ്രകടിപ്പിച്ചിരുന്നു. 63 കോടി യു.എസ് ഡോളറിന്റെ കരാർ അന്തിമമാക്കുന്നത് ചർച്ചയാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പത്താം വാർഷികത്തിലാണ് പ്രതിരോധമന്ത്രിയുടെ സന്ദർശനമെന്നത് ശ്രദ്ധേയമാണ്. വിയറ്റ്നാം പ്രതിരോധമന്ത്രി ജനറൽ ഫാൻ വാൻ ഗിയാംഗുമായി ഉഭയകക്ഷി ചർച്ച നടത്തും. ഇന്നലെ വിയറ്റ്നാം തലസ്ഥാനമായ ഹനോയിൽ ഇന്ത്യൻ സമൂഹം ഊഷ്‌മള സ്വീകരണമൊരുക്കി. വിയറ്റ്നാം മുൻ പ്രസിഡന്റ് ഹോ ചി മിന്നിന്റെ 136ാം ജന്മവാർഷികമാണിന്ന്. അദ്ദേഹത്തിന്റെ സ്‌മൃതികുടീരത്തിൽ രാജ്നാഥ് സിംഗ് പുഷ്‌പചക്രം അ‌ർപ്പിക്കും. അതിനു ശേഷം ദക്ഷിണ കൊറിയയിലേക്ക് തിരിക്കും. അവിടുത്തെ പ്രതിരോധമന്ത്രി ആൻ ഗ്യു ബാക്കുമായി കൂടിക്കാഴ്ച നടത്തും. തന്ത്രപരമായ സൈനിക സഹകരണം, പ്രതിരോധ വ്യാവസായിക പങ്കാളിത്തം എന്നിവ ചർച്ചയാകും. ഇന്ത്യ-കൊറിയ ബിസിനസ് റൗണ്ട്ടേബിളിലും പങ്കെടുക്കും. മേയ് 21ന് അദ്ദേഹം ഡൽഹിക്ക് മടങ്ങും.