പശ്ചിമേഷ്യൻ യുദ്ധം: സമാധാന നിർദ്ദേശം സമർപ്പിച്ച് ഇറാൻ
ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ യു.എസിന് മുന്നിൽ പുതിയ സമാധാന നിർദ്ദേശം സമർപ്പിച്ച് ഇറാൻ. മദ്ധ്യസ്ഥ രാജ്യമായ പാകിസ്ഥാൻ വഴിയാണ് നീക്കം. ഉപരോധങ്ങൾ പൂർണമായും നീക്കണം, മരവിപ്പിച്ച ആസ്തികൾ വിട്ടുകിട്ടണം, ഹോർമുസ് കടലിടുക്കിന് മേൽ തങ്ങളുടെ നിയന്ത്രണം തുടരും തുടങ്ങിയ ആവശ്യങ്ങളിൽ ഇറാൻ വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്നാണ് സൂചന. ഇവയെ യു.എസ് നേരത്തെ തള്ളിയിരുന്നു. സമയം അതിക്രമിക്കുകയാണെന്നും ഉടൻ കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ ഒന്നും ബാക്കിവയ്ക്കാതെ തകർക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ഇറാനിൽ ആക്രമണം പുനരാരംഭിക്കാൻ ട്രംപ് ആലോചിക്കുന്നതായും സൂചനയുണ്ട്. അതിനിടെ, പ്രതിരോധ കരാറിന്റെ ഭാഗമായി 8,000 സൈനികരെയും ഏതാനും യുദ്ധവിമാനങ്ങളെയും പാകിസ്ഥാൻ സൗദിയിലേക്ക് അയച്ചെന്ന റിപ്പോർട്ട് പുറത്തുവന്നു. മേഖലയിൽ സംഘർഷ സാദ്ധ്യത തുടരുന്നതിനിടെയാണ് നീക്കം.