കെന്നഡി സെന്ററിൽ നിന്ന് ട്രംപിനെ വെട്ടി !

Sunday 31 May 2026 7:38 AM IST

വാഷിംഗ്ടൺ: വാഷിംഗ്ടണിലെ 'ജോൺ എഫ്. കെന്നഡി സെന്റർ ഫോർ ദ പെർഫോമിംഗ് ആർട്സിൽ (കെന്നഡി സെന്റർ)' നിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് നീക്കാൻ കോടതി ഉത്തരവ്. യു.എസ് കോൺഗ്രസിന്റെ അംഗീകാരമില്ലാതെ കെന്നഡി സെന്ററിന്റെ പേരിൽ ഔദ്യോഗിക മാറ്റം വരുത്താനാകില്ലെന്ന് വാഷിംഗ്ടൺ ഡി.സിയിലെ ഫെഡറൽ കോടതി ജഡ്ജി ഉത്തരവിട്ടു. പുനർനാമകരണത്തിലൂടെ സെന്ററിന്റെ ബോർഡ് നിയമപരമായ അതിരുകൾ ലംഘിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.

'ഡൊണാൾഡ് ജെ. ട്രംപ് ആൻഡ് ജോൺ എഫ്. കെന്നഡി മെമ്മോറിയൽ സെന്റർ ഫോർ ദ പെർഫോമിംഗ് ആർട്സ് ' എന്ന് പുനർനാമകരണം ചെയ്തതിനെതിരെ ഒഹായോയിൽ നിന്നുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ ജനപ്രതിനിധി സഭാംഗം ജോയ്സ് ബേയ്റ്റിയുടെ ഹർജിയിലാണ് ഉത്തരവ്.

കെട്ടിടത്തിന്റെ മുൻഭാഗം,​ പരസ്യ ബോർഡുകൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ തുടങ്ങി സെന്ററുമായി ബന്ധപ്പെട്ട എല്ലാ ഇടത്തുനിന്നും 14 ദിവസത്തിനുള്ളിൽ ട്രംപിന്റെ പേര് നീക്കണം. നവീകരണത്തിനായി ജൂലായ് മുതൽ രണ്ട് വർഷം സെന്റർ പൂർണമായി അടച്ചിടാനുള്ള ബോർഡിന്റെ പദ്ധതിയും കോടതി തടഞ്ഞു.

ജഡ്ജിയെ രൂക്ഷമായി വിമർശിച്ച ട്രംപ്, തന്റെ നേതൃത്വത്തിലെ നവീകരണ പദ്ധതി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്നും കെട്ടിടത്തിന്റെ നിലനിൽപ്പിന് നവീകരണ പദ്ധതി അനിവാര്യമാണെന്നും കെന്നഡി സെന്റർ വക്താവ് പ്രതികരിച്ചു.

# ദേശീയ സാംസ്കാരിക കേന്ദ്രം

 കെന്നഡി സെന്റർ യു.എസിന്റെ ദേശീയ സാംസ്കാരിക കേന്ദ്രം. 1971ൽ തുറന്നു. മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ ജീവിക്കുന്ന സ്മാരകമായി അറിയപ്പെടുന്നു. നാടകം, ബാലെ, നൃത്തം, സംഗീതം തുടങ്ങി കലാ പ്രകടനങ്ങൾക്ക് വേദി. പോട്ടോമാക് നദിയുടെ കിഴക്കൻ കരയിൽ 17 ഏക്കറിലായി വ്യാപിച്ചുകിടക്കുന്നു  വീണ്ടും പ്രസിഡന്റ് പദവിയിലെത്തിയ പിന്നാലെ ട്രംപ്, കെന്നഡി സെന്ററിന് പുതിയ ട്രസ്റ്റി ബോർഡിനെ നിയമിച്ചു. സ്വയം ചെയർമാനായും പ്രഖ്യാപിച്ചു  സെന്ററിന് ട്രംപിന്റെ പേര് കൂടി ചേർത്ത് പരിഷ്കരിച്ചത് കഴിഞ്ഞ ഡിസംബറിൽ