വിവാഹം കഴിഞ്ഞ് മടങ്ങുന്നതിനിടെ വധുവിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി; മുൻ കാമുകനെന്ന് സംശയം

Sunday 22 February 2026 5:00 PM IST

ഭുവനേശ്വർ: വിവാഹചടങ്ങുകൾ കഴിഞ്ഞ് ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി. ഒഡീഷയിലെ ബൊലാംഗിർ ജില്ലയിൽ ഇന്ന് പുലർച്ചെയാേടെയാണ് സംഭവം നടന്നത്. യുവതിയുടെ മുൻ കാമുകനാണ് തട്ടിക്കൊണ്ടു പോയതിന് പിന്നിലെന്നാണ് സംശയം.

ബൊലാംഗിർ സ്വദേശിയായ ഹരിബന്ധു പട്ടേലും കാന്തമാൽ സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം കഴിഞ്ഞ ശനിയാഴ്ചയാണ് നടന്നത്. വിവാഹശേഷം ബന്ധുക്കൾക്കൊപ്പം വാഹനത്തിൽ വരന്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദമ്പതികൾ. യാത്രയ്ക്കിടെ ടർഭ റോഡിലെ ബഡാബന്ധയ്ക്ക് സമീപം മൂന്നംഗ സംഘം ഇവരുടെ വാഹനം തടയുകയായിരുന്നു.

പ്രതികൾ തോക്ക് ചൂണ്ടി ഹരിബന്ധുവിനെയും കൂടെയുള്ളവരെയും ഭീഷണിപ്പെടുത്തിയ ശേഷം വധുവിനെ ബലമായി മറ്റൊരു വാഹനത്തിൽ കയറ്റി കൊണ്ടുപോയി. സംഭവത്തിന് പിന്നാലെ വരൻ ഹരിബന്ധു പട്ടേൽ ടർഭ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തോക്ക് ചൂണ്ടി തന്നെ വധുവിൽ നിന്ന് അകറ്റിയെന്നും ഭാര്യയെ അപായപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. യുവതിയുടെ മുൻ കാമുകനാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. വരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.