വിവാഹ ഹാളിലെ തർക്കം പൊലീസിനെ അറിയിച്ചു; യുവാവിനെ മർദിച്ച് പല്ലുകൊഴിച്ച നാലുപേർ അറസ്റ്റിൽ

Tuesday 21 April 2026 11:11 AM IST

കോഴിക്കോട്: വിവാഹ ഹാളിലുണ്ടായ തർക്കം പൊലീസിൽ അറിയിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവിനെ മർദിച്ച് പല്ലുകൊഴിച്ച നാലുപേർ അറസ്റ്റിൽ. കല്ലുത്താൻകടവ് ഫ്ലാറ്റിലെ താമസക്കാരായ രാഗേഷ് ബാബു (18), വിഷ്‌ണു (23), കിരൺ ശങ്കർ (19), അജയ് (18) എന്നിവരാണ് അറസ്റ്റിലായത്. പരാതിക്കാരനും പിടിയിലായവരും ഒരേ ഫ്ലാറ്റിലാണ് താമസിക്കുന്നത്.

ജനുവരി 12ന് രാത്രി ഫ്ലാറ്റിന്റെ പാർക്കിംഗ് ഏരിയയിൽ വച്ചാണ് പരാതിക്കാരന് മർദനമേറ്റത്. മുഖത്ത് സ്റ്റീൽവള ഉപയോഗിച്ച് മർദിക്കുകയും താടിക്ക് കൈചുരുട്ടി ഇടിക്കുകയും ചെയ്‌തതായാണ് പരാതി. മർദനത്തിൽ യുവാവിന്റെ പല്ല് ഇളകിപോകുകയും താടിയെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.

യുവാവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തിവരികയായിരുന്നു പൊലീസ്. ഗോവിന്ദപുരം, കാവിൽത്താഴം, കല്ലുത്താൻ കടവ്, മുണ്ടിക്കൽത്താഴം എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കസബ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്‌ടർ പി ജി ജിമ്മിയുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്‌ടർമാരായ പ്രദീപ്, രാകേഷ്, സജേഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സുമിത് ചാൾസ്, ഷിബു, സിവിൽ പൊലീസ് ഓഫീസർ ജിതിൻ എന്നിവർ ചേർന്നാണ് പ്രതികളെ കസ്‌റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.