കല്യാണ ദിവസം വരന്‍ മുങ്ങി; വിവാഹത്തിന് മുമ്പ് പീഡിപ്പിച്ചെന്ന് വധുവിന്റെ പരാതി

Thursday 14 May 2026 10:57 PM IST

കാസര്‍കോട്: വിവാഹ ദിവസം മുങ്ങിയ വരനെതിരെ ബലാത്സംഗ പരാതി നല്‍കി പ്രതിശ്രുത വധു. കാസര്‍കോട് ജില്ലയിലെ ബളാലിന് സമീപമാണ് സംഭവം. ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു. വധുവും ബന്ധുക്കളും വിവാഹത്തിന് എത്തുകയും ചെയ്തു. എന്നാല്‍ മുഹൂര്‍ത്ത സമയമായിട്ടും വരന്‍ എത്തിയില്ല. ഇതോടെയാണ് മുമ്പ് പ്രണയിച്ചിരുന്ന സമയത്ത് തന്നെ യുവാവ് പീഡിപ്പിച്ചിരുന്നുവെന്ന് കാണിച്ച് വധു പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

മുഹൂര്‍ത്തതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് വരന്‍ മുങ്ങിയത്. യുവാവും യുവതിയും നേരത്തെ പ്രണയത്തിലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചാണ് വിവാഹം നടത്താന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് മുഹൂര്‍ത്തം തീരുമാനിച്ചത്. എന്നാല്‍ മുഹൂര്‍ത്ത സമയം ആയിട്ടും വരനും വീട്ടുകാരും എത്തായതോടെ ആശങ്കയുണ്ടായത്. പിന്നീട് വരന്റെ സഹോദരിയും ചില ബന്ധുക്കളും ക്ഷേത്രത്തില്‍ എത്തുകയും വരനെ കാണാനില്ല എന്ന് അറിയിക്കുകയുമായിരുന്നു.

വിവാഹം മുടങ്ങിയതോടെ ഇരുവീട്ടുകാരും അവരവരുടെ വീടുകളിലേക്ക് പോകുകയായിരുന്നു. വീട്ടിലെത്തി ബന്ധുക്കളുമായി ആലോചിച്ച ശേഷം കാസര്‍കോട് വെള്ളരിക്കുണ്ട് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ബലാത്സംഗ കേസിലാണ് വരനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇയാള്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയെന്ന ഉദ്ദേശത്തോടെ മുങ്ങാനുള്ള കാരണം എന്താണ് എന്ന് വ്യക്തമല്ല. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ട് ആഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. എന്തിനാണ് മുങ്ങിയത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാകാന്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്.