ഭാര്യയെ കൊന്ന യുവാവിന് 25 വർഷം കഠിന തടവും 3.55ലക്ഷം പിഴയും ശിക്ഷ
റാന്നി : ഭാര്യയെ വടിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയും ഭാര്യയുടെ മാതാപിതാക്കളേയും അനുജത്തിയേയും മാരകമായി ആക്രമിക്കുകയും ചെയ്ത കേസിൽ യുവാവിനെ 25വർഷം കഠിന തടവിനും 3.55ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. റാന്നി ബ്ലോക്ക് പടി വടക്കേടത്ത് വീട്ടിൽ അതുൽ സത്യൻ (31) നെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ ആന്റ് സെഷൻസ് കോടതി ഒന്ന് ജഡ്ജ് ജി.പി.ജയകൃഷ്ണൻ ശിക്ഷിച്ചത്. ചെറുകോൽ കീക്കൊഴൂർ ഇരട്ടപ്പനക്കൽ വീട്ടിൽ രഞ്ജിത (27) യാണ് കൊല്ലപ്പെട്ടത്. 2023 ജൂൺ 24നാണ് കേസിനാസ്പദമായ സംഭവം. നിരവധി കേസുകളിൽ പ്രതിയായ അതുലിന്റെ ഉപദ്രവം സഹിക്കൻ കഴിയാതെ രഞ്ജിതയും മക്കളും സ്വന്തം വീട്ടിലേക്ക് പോയി. ഇവിടെയെത്തിയ പ്രതി വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറി കിടപ്പുമുറിയിലുണ്ടായിരുന്ന രഞ്ജിതയെ വടിവാളുകൊണ്ട് നിരവധി തവണ വെട്ടി. ആക്രമണം തടയാൻ ശ്രമിച്ച രഞ്ജിതയുടെ മാതാ പിതാക്കളേയും അനുജത്തിയേയും മാരകമായി വെട്ടി പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ രഞ്ജിത കൊല്ലപ്പെട്ടു. അന്നത്തെ റാന്നി പൊലീസ് ഇൻസ്‌പെക്ടറായിരുന്ന വിനോദ്.പി.എസ് ആണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്യകയും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അതുലിന്റെ പേരിൽ കാപ്പാ ചുമത്തിയിരുന്നു. കേസിൽ കാലതാമസം കൂടാതെ കുറ്റപത്രം സമർപ്പിച്ചതിനാൽ വിചാരണ കാലയളവിൽ പ്രതിക്ക് ജാമ്യം ലഭിക്കാതെ ഇരുമ്പഴിക്കുള്ളിൽ തന്നെ കഴിയേണ്ടി വന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഹരിശങ്കർ പ്രസാദാണ് കേസ് വാദിച്ചത്.