ടാക്‌സി ഡ്രൈവറെ മർദ്ദിച്ച ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം,ടാക്‌സി കാർ ഡ്രൈവറെ മർദ്ദിച്ച രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാർ അറസ്റ്റിൽ.കരമന തെലുങ്ക്‌ചെട്ടി സ്ട്രീറ്റ് സ്വദേശി സുഭാഷ് (46), മണക്കാട് എം.എസ്.കെ നഗർ സ്വദേശി ശരത് (34) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലം സ്വദേശിയായ ടാക്സി ഡ്രൈവർക്കാണ് മർദ്ദനമേറ്റത്.ചൊവ്വാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം.ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ഓട്ടോ സ്റ്റാൻഡിന് സമീപം യാത്രക്കാരെ ഇറക്കുകയായിരുന്നു ടാക്‌സി ഡ്രൈവർ.ഇതുകണ്ട പ്രതികൾ,ടാക്സി അവിടെ നിറുത്തി യാത്രക്കാരെ ഇറക്കുന്നത് ചോദ്യം ചെയ്യുകയും കാർ മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു.തുടർന്നുണ്ടായ തർക്കത്തിനിടെ പ്രതികൾ ടാക്സി ഡ്രൈവറെ തടഞ്ഞുനിറുത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.തുടർന്ന് ഇരുവരും ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.