വയറ്റിനുള്ളിൽ തുണിയും പഞ്ഞിയുംവച്ച് തുന്നിക്കെട്ടിയ സംഭവം; കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

Sunday 08 March 2026 8:37 AM IST

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ തുണിയും പഞ്ഞിയും സ്ത്രീയുടെ വയറ്റിനുള്ളിലാക്കി തുന്നിക്കെട്ടിയ സംഭവത്തിൽ കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ സർജൻ ഡോ.പ്രശാന്തിനെതിരെ കേസെടുത്തു. മേനംകുളം സ്വദേശി ഷീബ പ്രമോദിന്റെ (47)പരാതിയിലാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്. ചികിത്സാപ്പിഴവ് ഉന്നയിക്കുന്ന പരാതി ഷീബ മുഖ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫിസർക്കും നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

ഡിസംബർ രണ്ടിനാണ് യുവതി കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയത്. പി​റ്റേന്ന് സ്‌കാൻ ചെയ്തപ്പോഴാണ് അടിയന്തരമായി അപ്പെൻഡിസൈറ്റിസിനുള്ള ശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞത്. ഡിസംബർ മൂന്നിനുതന്നെ ശസ്ത്രക്രിയ നടത്തി. പത്തുദിവസം ആശുപത്രിയിൽ തുടർന്നതിനുശേഷമാണ് ഡിസ്ചാർജ് ചെയ്തത്. പക്ഷെ മുറിവ് പൂർണമായും ഉണങ്ങിയിരുന്നില്ല. ഒരുഭാഗം പഴുത്തിരുന്നു. എന്നാൽ കഴക്കൂട്ടത്തെ ആശുപത്രിയിൽ ഷീബയെ ചികിത്സിച്ച ഡോക്ടർ അവധിയായിരുന്നതിനാൽ മുറിവ് ഡ്രെസ് ചെയ്യുന്നതിനായി ഗോവിന്ദൻസ് സ്വകാര്യ ആശുപത്രിയിൽ എത്തുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് മുറിവിൽ നിന്ന് നൂല് കണ്ടെത്തിയത്.

തുടർന്നാണ് ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിൽ തന്നെ പോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചത്. പിന്നീടാണ് ശസ്ത്രക്രിയ നടത്തി തുണികഷ്ണം പുറത്തെടുത്തത്. എന്നാൽ എവിടെ നിന്നാണ് തുണികഷ്ണം മുറിവിനുള്ളിൽ പോയതെന്ന് വ്യക്തമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. കഴക്കൂട്ടത്ത് നടത്തിയ ആദ്യ ശസ്ത്രക്രിയയ്ക്കുതന്നെ 1.20 ലക്ഷം രൂപ ചെലവായെന്നും. പിന്നീട് ഗോവിന്ദൻസിലെ ചികിത്സയ്ക്ക് 18,000 രൂപയിൽ കൂടുതലും ചെലവായെന്നും ഷീബാ പ്രമോദ് പറയുന്നു. മൂന്ന് മാസത്തോളം വേദന അനുഭവിച്ചെന്നും സംഭവത്തിൽ മാനസികമായി ഏറെ പ്രയാസം നേരിട്ടെന്നും ഷീബ പ്രതികരിച്ചു.