കൊല്ലം: അവൻ മിടുക്കനായിരുന്നു... മിഥുന്റെ പ്രിയപ്പെട്ട ക്ലാസ് ടീച്ചർ വിതുമ്പി. പിന്നെ അൽപ്പനേരം മിണ്ടാനായില്ല. വിതുമ്പലടക്കി വീണ്ടും പറഞ്ഞു. ''അവൻ എൻ.സി.സിയിലുണ്ടായിരുന്നു. എല്ലാത്തിനും മുന്നിൽ നിൽക്കും. ഇന്നലെ ഫുട്ബാൾ സെലക്ഷനുമുണ്ടായിരുന്നു.''
ഈ അദ്ധ്യയന വർഷമാണ് മിഥുൻ തേവലക്കര ബോയ്സ് എച്ച്.എസിൽ എട്ടാം ക്ലാസിൽ ചേർന്നത്. സ്കൂൾ തുറന്നിട്ട് കഷ്ടിച്ച് ഒന്നരമാസം. എന്നിട്ടും ഇതേ സ്കൂളിൽ നേരത്തെ പഠിച്ചിരുന്ന സഹപാഠികൾക്കെല്ലാം പ്രിയപ്പെട്ടവനായി. ക്ലാസിന്റെ ഇടത് വശത്തെ രണ്ടാം നിരയിലെ ബഞ്ചിലാണ് പതിവായി ഇരുന്നിരുന്നത്. കുസൃതിക്കാരനായിരുന്നെങ്കിലും ക്ലാസ് തുടങ്ങിയാൽ ശാന്തനാകും. ടീച്ചർ എന്ത് ചോദിച്ചാലും മണിമണിയായി ഉത്തരവും നൽകും.
ബാഗും ചെരുപ്പുകളും
മിഥുന് ഷോക്കേറ്റതിന് പിന്നാലെ കൂട്ടുകാരെല്ലാം പുറത്തേക്ക് പാഞ്ഞു. ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മിഥുൻ യാത്രയായി. അച്ചാമ്മ തയാറാക്കി നൽകിയ ഉച്ചഭക്ഷണവും പാഠപുസ്തകങ്ങളുമുള്ള മിഥുന്റെ ബാഗ് ക്ലാസ് മുറിയിൽ അനാഥമായിരുന്നു. തറയിൽ അവന്റെ വെള്ള ചെരിപ്പുകളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |