
പോളിംഗ് നാളിൽ വീണ്ടും വിവാദം
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ വളരെ വൈകിയാണെങ്കിലും പുറത്താക്കി മുഖം രക്ഷിച്ച കോൺഗ്രസ് സംസ്ഥാന നേതൃത്വം, രാഹുലിന്റെ പേരിൽ തദ്ദേശ വോട്ടെടുപ്പ് ദിനത്തിൽ രണ്ടു തട്ടിലായത് പാർട്ടിക്ക് ക്ഷീണമായി.
രാഹുലിനെതിരായ രണ്ടാമത്തെ ലൈംഗികാരോപണ പരാതിയുമായി ബന്ധപ്പെട്ടാണ് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണിജോസഫും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പരസ്യമായി രണ്ടഭിപ്രായം പറഞ്ഞത്. കിട്ടിയ അവസരം മുതലാക്കിയ മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ, സ്ത്രീലമ്പടന്മാരെ ന്യായീകരിക്കുന്നത് പൊതുസമൂഹം അംഗീകരിക്കില്ലെന്ന് വിമർശിക്കുകയും ചെയ്തു.
ആദ്യഘട്ട പോളിംഗ് ദിനത്തിൽ നടിക്കേസ് വിധിയിൽ നടൻ ദിലീപിന് നീതി ലഭ്യമായെന്ന് പ്രതികരിച്ച് യു.ഡി.എഫ് കൺവീനർ അടൂർപ്രകാശ് പാർട്ടിയെ വെട്ടിലാക്കിയിരുന്നു. കെ.പി.സി.സി നേതൃത്വം ഇടപെട്ട് പിന്നീട് തിരിത്തിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷയ്ക്കൊത്ത് മെച്ചമായില്ലെങ്കിൽ രണ്ട് ദിവസത്തെയും പ്രതികരണങ്ങൾ വലിയ വിഴുപ്പലക്കലിന് വഴിതുറക്കുമെന്നുറപ്പ്.
രാഹുലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും വെൽഡ്രാഫ്റ്റഡ് പെറ്റീഷനാണെന്നുമാണ് സണ്ണിജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞത്. പരാതിക്കുപിന്നിൽ ലീഗൽ ബ്രെയിൻ ഉണ്ടെന്നും കൂട്ടിച്ചേർത്തു. ഇന്നലെ വോട്ട് ചെയ്ത ശേഷവും അദ്ദേഹം ഇത് ആവർത്തിച്ചു. തൊട്ടു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് വിഷയത്തിൽ പ്രതികരിച്ചത്. സണ്ണി ജോസഫിന്റെ നിലപാടിനെ സതീശൻ തള്ളി. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് കരുതുന്നില്ല. പരാതി വെൽഡ്രാഫ്റ്റഡ് തന്നെയാണെന്നും അങ്ങനെതന്നെയാണ് നൽകേണ്ടതെന്നുമായിരുന്നു സതീശന്റെ പ്രതികരണം.
അതേസമയം, രാഹുലിനെ പുറത്താക്കിയതാണെന്നും പാർട്ടിയിലില്ലാത്തയാളെപ്പറ്റി പ്രതികരിക്കേണ്ട കാര്യമില്ലെന്നുമാണ് രമേശ് ചെന്നിത്തല പറഞ്ഞത്.
രാഹുലിനെതിരെ ആദ്യ ആരോപണം വന്നതിനു പിറകെ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷപദവിയിൽ നിന്ന് മാറ്റണമെന്ന കർശന നിലപാട് സ്വീകരിച്ചത് സതീശനായിരുന്നു. എന്നാൽ സണ്ണി ജോസഫിന് ഉൾപ്പെടെ രാഹുലിന് അനുകൂല നിലപാടായിരുന്നു. സമ്മർദ്ദമേറിയതോടെയാണ് സസ്പെൻഡ് ചെയ്തത്. പക്ഷെ അപ്പോഴും ചില നേതാക്കൾ മൃദുസമീപനം പുലർത്തി. അവരുടെ ബലത്തിലാണ് രാഹുൽ പാലക്കാട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്. അതിനിടെയിലായിരുന്നു രണ്ടാമത്തെ പരാതി വന്നത്. പിന്നാലെ പാർട്ടിക്ക് പുറത്തായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |