സ്‌കൂൾ തുറപ്പ് അടുത്തു, വിപണി സജീവം
ആലപ്പുഴ: സ്‌കൂൾ തുറക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, പുതിയ ബാഗും ബുക്കും യൂണിഫോമുമൊക്കെയായി അദ്ധ്യയന വർഷത്തെ വരവേൽക്കാൻ കുട്ടികൾ ഒരുങ്ങി. ഇതോടെ വിപണി സജീവമായി.
ഡിജിറ്റൽ പെൻസിൽ ബോക്സ് മുതൽ പ്രിന്റഡ് ബാഗ് വരെ വിപണിയിൽ എത്തിക്കഴിഞ്ഞു. കാർട്ടൂൺ ചിത്രങ്ങൾ പതിപ്പിച്ച ബാഗുകളാണ് ഇവയിൽ ആകർഷകം. മാർവൽ സൂപ്പർ ഹീറോസ് മുതൽ ഡിസ്‌നി ക്യാരക്ടേഴ്‌സ് വരെ ബോട്ടിലുകളിലും ബാഗുകളിലും ഇടം പിടിച്ചിട്ടുണ്ട്. ജെൻസി, ജെൻ ആൽഫ കിഡ്‌സുകളുടെ ഹൃദയം കവർന്ന ചൈനീസ് ഉത്പന്നങ്ങളാണ് വിപണിയിലെ താരങ്ങൾ. മോതിരം, ലിപ്സ്റ്റിക്, കണ്ണട, ഹെയർ ബാൻഡ്, ഡോണട്ട് എന്നിവയുടെ ആകൃതിയിലുള്ള ഇറേസറുകൾക്ക് ആവശ്യക്കാർക്ക് ഏറെയാണ്. പല കച്ചവടക്കാരും ലക്ഷങ്ങളുടെ സ്റ്റോക്കാണ് എത്തിച്ചിട്ടുള്ളത്. അടുത്ത ആഴ്ചയോടെ വിപണി കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, സ്കൂൾ ബാഗ്, പെൻസിൽ ബോക്സ്, വാട്ടർ ബോട്ടിൽ എന്നിവ ഓൺലൈനായി വാങ്ങുന്നവരും കുറവല്ല. കടകളിൽ നിന്ന് വാങ്ങുന്നതിലും വിലക്കുറവുണ്ടെന്നതാണ് പ്രത്യേകത. 2000 രൂപയുടെ ബാഗുകൾക്ക് 25-50 ശതമാനം വരെ വിലക്കുറവാണ് പ്രമുഖ ഓൺലൈൻ സൈറ്റുകൾ ഓഫർ ചെയ്യുന്നത്.
സ്കൂളുകൾക്കെതിരെ വ്യാപാരികൾ
യൂണിഫോം, കുട, ബുക്ക് തുടങ്ങിയവ സ്കൂളുകൾ വിതരണം ചെയ്യുന്നതിൽ പ്രതിഷേധവുമായി വ്യാപാരികൾ. വ്യാപാരികളുടെ വയറ്റത്തടിക്കുന്ന നടപടിയാണ് ഇത്. ജി.എസ്.ടി ലൈസൻസില്ലാതെയാണ് സ്കൂളുകൾ സ്കൂൾ ഉത്പന്നങ്ങൾ വിൽക്കുന്നതെന്നും വ്യാപാരികൾ പറയുന്നു. പുതിയ സർക്കാരിന് ആദ്യം നൽകുന്ന പരാതി ഇതായിരിക്കുമെന്നും സ്കൂളുകൾക്ക് മുന്നിൽ പ്രതിഷേധിക്കുമെന്നും വ്യാപാരികൾ പറഞ്ഞു.
വില നിലവാരം
ബാഗ്: 500- 2000
കുട: 250-1000
വാട്ടർ ബോട്ടിൽ: 50- 500
നോട്ട് ബുക്ക്: 40-100
വലിയ പ്രതിസന്ധിയിലാണ് വ്യാപാരികൾ കടന്നുപോകുന്നത്. സ്കൂളുകളുടെ വിൽപ്പനയ്‌ക്കെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് കൂടും. തുടർന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും
-സബിൽ രാജ്, സംസ്ഥാന സെക്രട്ടറി
വ്യാപാരി വ്യവസായി ഏകോപന സമിതി