ഹിറ്റായി തണ്ണിമത്തൻ കൃഷി, കുടുംബശ്ര്രീക്ക് കിട്ടി 6.7കോടി

Thursday 14 May 2026 11:58 PM IST

ആലപ്പുഴ: വേനൽച്ചൂടിനാശ്വാസമായ 'വേനൽമധുരം' തണ്ണിമത്തൻ കൃഷി കാമ്പയിനിൽ കുടുംബശ്രീയ്ക്ക് സംസ്ഥാനത്ത് 6,78,21,791 രൂപയുടെ വിറ്റുവരവ് ലഭിച്ചു. ഡിസംബറിൽ ആരംഭിച്ച കാമ്പയിനിൽ 44.45 ലക്ഷം കിലോഗ്രാം തണ്ണിമത്തനാണ് അയൽക്കൂട്ടാംഗങ്ങൾ ഉത്പ്പാദിപ്പിച്ച് വിറ്റഴിച്ചത്. 1471 കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങളിൽ അംഗമായ 6,711 അയൽക്കൂട്ടാംഗങ്ങളാണ് കൃഷി ചെയ്തത്. ഒരാൾക്ക് കുറഞ്ഞത് 10,000 രൂപ വരുമാനം ഇത് മുഖേന ലഭിച്ചു . കുടുംബശ്രീ വിപണന കേന്ദ്രങ്ങൾ, മേളകൾ, ചന്തകൾ എന്നിവ വഴിയായിരുന്നു വിൽപ്പന.

പ്രാദേശികമായി തണ്ണിമത്തൻ കൃഷി പ്രോത്സാഹിപ്പിക്കുക, പൊതുജനങ്ങൾക്ക് വിഷരഹിത തണ്ണിമത്തനെത്തിക്കുക, ജെ.എൽ.ജി അയൽക്കൂട്ടാംഗങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുക , അയൽക്കൂട്ടാംഗങ്ങളെ കാർഷിക മേഖലയിലേക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കാമ്പെയിൻ ആരംഭിച്ചത്.

കൃഷി 817.78 ഏക്കറിൽ

 144 ബ്ലോക്കുകളിലെ 603 സി.ഡി.എസുകളിലായി 817.78 ഏക്കറിൽ 'വേനൽമധുരം' തണ്ണിമത്തൻ കൃഷി ചെയ്തു

 കിരൺ, മഹാരാജ, അപൂർവ, ഷുഗർ ബേബി, പക്കീസ, ഷുഗർ ക്വീൻ, ജൂബിലി കിങ്, യെല്ലോ മഞ്ച്, ഓറഞ്ച് ഡിലൈറ്റ് തുടങ്ങിയവയായിരുന്നു ഇനങ്ങൾ

 ഒരേക്കറിൽ കൃഷി ചെയ്ത സംഘങ്ങൾക്ക് നിലമൊരുക്കുന്നതിനും കൃഷിക്കുമായി 25,000 രൂപ വരെ റിവോൾവിംഗ് ഫണ്ട് സി.ഡി.എസ് മുഖേന ലഭ്യമാക്കി