ശക്തമായകാറ്റ്, അരൂരിലും എഴുപുന്നയിലും നാശം
തുറവൂർ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും ചുഴലിക്കാറ്റിലും അരൂർ, എഴുപുന്ന പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം. നിരവധി സ്ഥലങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണതും വൻമരങ്ങൾ കടപുഴകി വീണ് വൈദ്യുതി ലൈനുകൾ തകർന്നതും കാരണം മേഖലയിൽ വൈദ്യുതി വിതരണം പൂർണമായും തടസപ്പെട്ടു. പ്രാഥമിക കണക്കുകൾ പ്രകാരം 40ഓളം ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞതായാണ് വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്.
അരൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ പടിക്കപ്പറമ്പിൽ തങ്കച്ചന്റെ മകൾ ഷിനി (37) സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് സ്കൂട്ടറിന് മുകളിലേക്ക് പതിച്ചു. തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ചന്തിരൂർ പള്ളിയമ്പലം, വെളുത്തുള്ളി, അമ്മനേഴം, കുഴിപ്പള്ളിക്കിഴക്ക്, അരൂർ പഞ്ചായത്തിലെ രണ്ടാം, മൂന്നാം വാർഡുകൾ, തിരുത്താളിൽ, ആഞ്ഞിലിക്കാട് റോഡ്, മുതുകേൽ ടി.ആർ സമീപം, വാർഡ് 15ലെ എരുമുള്ളി ഭാഗം, ചന്തിരൂർ വോൾവോ കമ്പനിക്ക് പടിഞ്ഞാറ്, റെയിൽവേയുടെ പടിഞ്ഞാറ് ഭാഗം, എരുമുള്ളി ട്രാൻസ്ഫോർമർ പരിസരം എന്നിവിടങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ തകർന്നു.
എഴുപുന്ന ശ്രീനാരായണപുരം, അരൂർ വട്ടക്കേരി, പൂജപ്പുര, അരൂർ റെസിഡൻസി ഹോട്ടലിന്റെ കിഴക്കുഭാഗം എന്നിവിടങ്ങളിലും വൃക്ഷങ്ങൾ വീണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ശക്തമായ കാറ്റിൽ സമീപത്തെ പുരയിടത്തിലെ മാവ് കടപുഴകി വീണ് അരൂർ പഞ്ചായത്ത് ഏഴാം വാർഡിൽ റെജിമോന്റെ വീട് തകർന്നു. അരൂർ ഗവ. ഫിഷറീസ് എൽ.പി സ്കൂളിലും ആഞ്ഞിലിമരം വീണ് വൈദ്യുതി പോസ്റ്റ് തകർന്നു.
എഴുപുന്ന പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 104ഓളം വീടുകൾ ശക്തമായ മഴയിലും ചുഴലിക്കാറ്റിലും തകർന്നു.ഇതിൽ 14 വീടുകൾ പൂർണമായും തകർന്നതായും 53 വീടുകൾക്ക് ഭാഗിക നാശനഷ്ടമുണ്ടായതായും അധികൃതർ അറിയിച്ചു. രാജമ്മ വള്ളംകുന്നത്ത്, കുഞ്ഞപ്പൻ കന്യേഴത്ത്, സാബു കണ്ടെത്തിൽ, മങ്കരഘു മഠത്തിക്കാട്, രമണി തൈപ്പറമ്പ് എന്നിവരുടെ വീടുകൾ പൂർണമായും തകർന്നവയിൽ ഉൾപ്പെടുന്നു.
എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഷാജി, സെക്രട്ടറി ആർ.രേഖ, വില്ലേജ് ഓഫീസർ ജോസഫ്, ബന്ധപ്പെട്ട വാർഡുകളിലെ ജനപ്രതിനിധികൾ എന്നിവർ സ്ഥലങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തുകയും അടിയന്തര സഹായനടപടികൾ ആരംഭിച്ചു.