ശക്തമായ തിരമാലയിൽപ്പെട്ട് പൊന്തു വള്ളങ്ങൾ മറിഞ്ഞു

Tuesday 19 May 2026 11:45 PM IST

അമ്പലപ്പുഴ : കടലേറ്റം ശക്തമായതിനെത്തുടർന്ന് പുന്നപ്രയിൽ തിരമാലയിൽപ്പെട്ട് നിരവധി പൊന്തുവള്ളങ്ങൾമറിഞ്ഞു. ആർക്കും പരിക്കില്ല. കടലിൽവീണ മത്സ്യത്തൊഴിലാളികളെയും പൊന്തുവള്ളങ്ങളും മറ്റ് തൊഴിലാളികൾ ചേർന്ന് കരയ്ക്കെത്തിച്ചു. ഇന്നലെരാവിലെ പുന്നപ്ര ചള്ളിത്തീരത്തു നിന്നു പോയ പൊന്തുകാരാണ് അപകടത്തിൽപ്പെട്ടത്.

മത്സ്യ ബന്ധനത്തിനു ശേഷം പൊന്തുവള്ളങ്ങൾ കരയിലേക്കു വരുമ്പോളാണ്കൂറ്റൻതിരമാലയിൽപ്പെടുകയായിരുന്നു. ഇതോടെ തൊഴിലാളികൾ കടലിൽ വീണു. ഈ സമയം കരയിലുണ്ടായിരുന്ന തൊഴിലാളികൾ ചാടിയിറങ്ങി മണിക്കൂറുകളോളം പണിപ്പെട്ടാണ് തൊഴിലാളികളെയും വള്ളങ്ങളും കരയ്ക്കെത്തിച്ചത്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും തിങ്കളാഴ്ചവരെ ഉണ്ടാകുമെന്നായിരുന്നു കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നത്. തുടർന്ന് മത്സ്യത്തൊഴിലാളികൾ രണ്ടുദിവസമായി കടലിൽ പോകാറില്ലായിരുന്നു. ഇന്നലെ രാവിലെ അന്തരീക്ഷം ശാന്തമായതിനെത്തുടർന്നാണ് തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോയത്. ഇതിനിടയിൽ കടൽ പ്രക്ഷുബ്ധമാവുകയായിരുന്നു. നിരവധി പൊന്തു വള്ളങ്ങൾക്ക് കേടുപാടുകൾസംഭവിച്ചു.