ആലപ്പുഴ: നാർക്കോട്ടിക് കേസുകൾ തെളിയിക്കുന്നതിൽ പ്രഗത്ഭയായ ആന്റി നാർക്കോട്ടിക്ക് സെല്ലിലെ ഡോഗ് ലിസിക്ക് പിറന്നാൾ മധുരം. നാല് വയസ് പൂർത്തിയാക്കിയ ലിസിയുടെ പിറന്നാൾ ആഘോഷം ഇത്തവണ ശിശുപരിചരണ കേന്ദ്രത്തിലെ കുരുന്നുകൾക്കൊപ്പമായിരുന്നു.
ദീപാവലി ആശംസകൾ നേർന്ന് കുട്ടികൾ വരവേറ്റപ്പോൾ നമസ്തേ എന്ന് രണ്ട് കൈകൾ കൂപ്പിയാണ് പിറന്നാൾ തൊപ്പിയും അണിഞ്ഞെത്തിയ ലിസി കേന്ദ്രത്തിൽ പ്രവേശിച്ചത്. ഡി.ജി.പിയുടെ രണ്ട് മെരിറ്റോറിയസ് എക്സലന്റ് അവാർഡ് ജേതാവാണ് ലിസി. ഒട്ടേറെ കഞ്ചാവ്, പുകയില കേസുകൾ പിടികൂടിയ ലിസിയുടെ സംരക്ഷണം സി.പി.ഒമാരായ മനുഷ്.കെ.ദാസിന്റെയും പി.കെ.ദനേഷിന്റെയും കൈയിൽ ഭദ്രമാണ്. ഡോഗ് സ്ക്വാഡിലെ സി.പിഒമാരായ ഇരുവർക്കും ഡി.ജി.പി.യുടെ മെഡൽ ഓഫ് എക്സലൻസ് അവാർഡ് ലഭിച്ചുണ്ട്.
ഏറ്റവുമധികം കേസുകൾ പിടികൂടിയതിന് കഴിഞ്ഞ വർഷത്തെ ബാഡ്ജ് ഒഫ് ഓണർ ലിസിക്കും ട്രെയിനർമാർക്കുമാണ് ലഭിച്ചത്. 2017ൽ ജനിച്ച ലിസി തിരുവനന്തപുരം പൊലീസ് അക്കാഡമിയിലെ സ്റ്റേറ്റ് ഡോഗ് ട്രെയിനിംഗ് സ്കൂളിലെ 9 മാസത്തെ പരിശീലനത്തിന് ശേഷമാണ് ആലപ്പുഴയിലെത്തിയത്. ലിസിക്ക് വേണ്ടി ശിശുപരിചരണ കേന്ദ്രത്തിലെ രണ്ട് കുരുന്നുകൾ ചേർന്ന് കേക്ക് മുറിച്ചു.
പൊലീസുകാരായ തോമസ് ആന്റണി, ബിജു രാജ്, ശിശു പരിചരണ കേന്ദ്രം സെക്രട്ടറി.എം.സി. പ്രസാദ്, വൈസ് പ്രസിഡന്റ് കെ.ഡി. ഉദയപ്പൻ, എക്സി. അംഗം നസീർ പുന്നക്കൽ, കെ. നാസർ, ഓഫീസ് ഇൻചാർജ് ലേഖ എന്നിവർ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |